കഞ്ചാവ് കൃഷി : രണ്ട് ഏഷ്യക്കാരെ അബുദാബി പൊലീസ് പിടികൂടി
അബുദാബി : കഞ്ചാവ് കൃഷി നടത്തിയ രണ്ട് ഏഷ്യക്കാരെ അബുദാബി പൊലീസ് പിടികൂടി. അല്‍ഐനിലെ കൃഷിയിടത്തില്‍ ഒളിപ്പിച്ച് ഇവര്‍ കഞ്ചാവ് കൃഷി നടത്തുകയായിരുന്നു. 37 കഞ്ചാവ് ചെടികള്‍ കണ്ടെത്തി നശിപ്പിച്ചു. ഏജന്റുമാര്‍ മുഖേനെ യുവാക്കള്‍ക്കിടയില്‍ ലഹരി മരുന്ന് വില്‍പന നടത്തുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്നു പോലീസ് പ്രത്യേക സംഘത്തെ രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. കൃഷിയിടത്തിലെ പ്രത്യേക മുറിയില്‍ ലഹരി മരുന്ന് ഉപയോഗിക്കാനുള്ള സൗകര്യവും ഇവര്‍ ഏര്‍പ്പെടുത്തിയിരുന്നു. സംഭവ സ്ഥലത്ത് നിന്നുള്ള കഞ്ചാവ് വേട്ടയുടെ വിഡിയോയും പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. ലഹരിമരുന്ന് വില്‍പനക്കാരെയും നിര്‍മാതാക്കളെയും തുരത്തുമെന്നും ലഹരിമരുന്ന് വില്‍പനക്കാര്‍ സമീപിക്കുകയോ ഇവരെക്കുറിച്ച് വിവരം ലഭിക്കുകയോ ചെയ്താല്‍ അറിയിക്കണമെന്നും പോലീസ് വ്യക്തമാക്കി.

