സ്‌കൂളുകൾക്ക് വേനലവധി ജൂലായ് നാലിന് തുടങ്ങും


ദുബായ്:യു.എ.ഇ. സ്കൂളുകളിൽ ഈ വർഷത്തെ വേനലവധി ജൂലായ് നാലിന് തുടങ്ങും. മിക്ക സ്കൂളുകളിലും ഇപ്പോൾ പരീക്ഷകൾ നടക്കുകയാണ്. പരീക്ഷ തീർന്ന് ഒരാഴ്ചയോളം സാധാരണപോലെ ക്ലാസുകൾ തുടർന്നതിന് ശേഷമാണ് വിദ്യാലയങ്ങൾ രണ്ടു മാസംനീളുന്ന വേനലവധിക്കായി അടയ്ക്കുന്നത്. സെപ്റ്റംബർ ഒന്നിനാണ് പിന്നീട് സ്കൂളുകൾ വീണ്ടും തുറക്കുക.
ചൂട് കഠിനമായ സാഹചര്യത്തിൽ പരമാവധി നേരത്തെ വിദ്യാലയങ്ങൾക്ക് അനുമതി നൽകണമെന്ന നിർദേശവും ഉയർന്നിരുന്നു. ജൂണിലാണ് പല സ്കൂളുകളിലും അവസാന പരീക്ഷ നടക്കുന്നത്. ചെറിയ ക്ലാസുകളിലെ കുട്ടികൾക്ക് മേയ് അവസാന വാരത്തിൽ തന്നെ പരീക്ഷ ആരംഭിച്ചിരുന്നു.

യു.എ.ഇ. വിദ്യാഭ്യാസമന്ത്രാലയവും ദുബായിലെ നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്പ്‌മെന്റ് അതോറിറ്റിയും ഈ അധ്യയനവർഷത്തെ സ്കൂൾ കലണ്ടർ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതനുസരിച്ച് ദുബായ് സ്കൂളുകളുടെ വേനലവധി ജൂൺ 30-ന് തുടങ്ങും. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കരിക്കുലം പിന്തുടരുന്ന പൊതു-സ്വകാര്യ സ്കൂളുകൾക്ക് ഇത് ഈ അധ്യയനവർഷത്തെ അവസാനടേം ആണ്. ഇന്ത്യൻ സ്കൂളുകളിൽ പുതിയ അധ്യയനവർഷം ഏപ്രിലിൽ തുടങ്ങി. ജൂണോടെ ആദ്യടേം കഴിയും. 

വിദ്യാലയങ്ങൾ അടക്കുന്നതോടെ നാടു പിടിക്കാനുള്ള തിടുക്കത്തിലാണ് മധ്യവർഗ കുടുംബങ്ങളിൽ ഏറെയും. ഈ മാസാസാനത്തോടെ തന്നെ പ്രവാസി കുടുംബങ്ങളുടെ നാട്ടിലേക്കുള്ള പ്രവാഹം ശക്തമാകും. എന്നാൽ വിമാന നിരക്കുവർധന പല സാധാരണക്കാർക്കും ഇടിത്തീയായി മാറിയിട്ടുണ്ട്. മുമ്പൊരിക്കലും ഇല്ലാത്ത വിധം നിരക്ക് കുത്തനെ ഉയർന്നതു കാരണം യാത്ര മാറ്റിവെക്കുകയല്ലാതെ മറ്റൊരു മാർഗവും ഇല്ലെന്നാണ് പല പ്രവാസി കുടുംബങ്ങളും വ്യക്തമാക്കുന്നത്.
 

You might also like

  • Lulu Exchange
  • Straight Forward

Most Viewed