യു.എ.ഇയിൽ ദേശീയ കായിക മത്സരങ്ങളിൽ ഇനി വിദേശികൾക്കും പങ്കെടുക്കാം
അബുദാബി : യു.എ.ഇയിൽ താമസക്കാരായ ഇന്ത്യക്കാർ ഉൾപ്പെടെയുള്ള എല്ലാ രാജ്യക്കാർക്കും ഇനി ദേശീയ കായിക മത്സരങ്ങളിൽ പങ്കെടുക്കാം. ഇതുസംബന്ധിച്ച ചരിത്രപരമായ നിയമത്തിനു യു.എ.ഇ മന്ത്രിസഭ അംഗീകാരം നൽകി. മലയാളികളടക്കമുള്ളവർക്ക് ഒട്ടേറെ അവസരങ്ങൾ നൽകുന്ന സുപ്രധാന തീരുമാനമാണിത്. സപ്തംബറിൽ നിലവിൽ വരും.
താമസക്കാർക്ക് പ്രാദേശിക ക്ലബ്ബുകളിൽ ചേർന്നു പരിശീലനം നേടാനും കായികമത്സരങ്ങളിൽ യു.എ.ഇയെ പ്രതിനിധീകരിക്കാനും അവസരം നൽകുന്ന ഉത്തരവാണ് പ്രസിഡണ്ട് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ പുറപ്പെടുവിച്ചത്. ഫുട്ബോൾ, ബാസ്കറ്റ്ബോൾ, വോളിബോൾ ഉൾപ്പെടെയുള്ള എല്ലാ ക്ലബ്ബുകളിലും ചേർന്നു പരിശീലനം നേടാനും ദേശീയ മത്സരങ്ങളിൽ പങ്കെടുക്കാനും സാധിക്കുംവിധം പരിശീലനകേന്ദ്രങ്ങളുടെ ചട്ടങ്ങളിൽ ഭേദഗതി വരുത്തി.
വിദേശ പുരുഷന്മാരെ വിവാഹം കഴിച്ച സ്വദേശി വനിതകളുടെ കുട്ടികൾ, യു.എ.ഇ പാസ്പോർട് ഉള്ളവർ, താമസ വിസയുള്ള വിദേശികൾ എന്നിവരെല്ലാം പുതിയ നിയമപരിധിയിൽ ഉൾപ്പെടുന്നതായി ജനറൽ സ്പോർട്സ് അതോറിറ്റി ചെയർമാനും അബുദാബി പൊലീസ് മേധാവിയുമായ മേജർ ജനറൽ മുഹമ്മദ് ഖൽഫാൻ അൽ റുമൈതി പറഞ്ഞു.
ഷെയ്ഖ് ഖലീഫയുടെ ഉത്തരവുപ്രകാരം യു.എ.ഇ ജനറൽ സ്പോർട്സ് അതോറിറ്റി ഭേദഗതികളോടെ രൂപം നൽകിയ നിയമത്തിനു ഫെഡറൽ നാഷനൽ കൗൺസിൽ അംഗീകാരം നൽകുകയായിരുന്നു. രാജ്യത്തിന്റെ വികസനത്തിൽ സുപ്രധാന പങ്കുവഹിച്ച പ്രവാസി സമൂഹത്തിന് കായികമേഖലയിൽ കൂടുതൽ അവസരങ്ങളും അംഗീകാരവും നൽകുന്ന തീരുമാനമാണിത്.
ഇന്ത്യക്കാർ ഉൾപ്പെടെയുള്ളവർ ഏറെനാളായി ആഗ്രഹിച്ചിരുന്ന കാര്യമാണിത്. കായികമേഖലയിൽ വലിയ മാറ്റത്തിന് ഇതു തുടക്കമിടുമെന്നതാണ് പ്രതീക്ഷ. എല്ലാവർക്കും അവസരങ്ങൾ നൽകി പുതിയ കായികസംസ്കാരം വളർത്തിയെടുക്കാനും സഹായകമാകും.
