മിന ട്രാൻസ്‌പോർട്ട് കോൺഗ്രസ്സിന് ദുബൈയിൽ തുടക്കമായി
ദുബൈ : സാങ്കേതികതയുടെ പുത്തൻ വിസ്മയങ്ങളുമായി മിന ട്രാൻസ്‌പോർട്ട് കോൺഗ്രസ്− 2018ന് ദുബൈയിൽ തുടക്കമായി. ദുബൈ ഡെപ്യൂട്ടി ഭരണാധികാരി ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സമ്മേളനം ഉദ്ഘാടനം ചെയ്തു. കൺവർട്ടബിൾ റേഞ്ച് റോവർ, കാൻ ആം സ്‌പൈഡർ എന്ന മുച്ചക്ര ലിമോ ബൈക്കുകൾ എന്നിങ്ങനെയുള്ള പുത്തൻ വാഹനങ്ങൾ മേളയിൽ പ്രദർശിപ്പിക്കുന്നുണ്ട്. മേള നാളെ സമാപിക്കും.
യൂറോപ്പ്, യു.എസ്.എ., ഓസ്‌ട്രേലിയ, കാനഡ, ചൈന, ഇന്ത്യ തുടങ്ങി വിവിധ രാജ്യങ്ങൾ സമ്മേളനത്തിൽ പങ്കുചേരുന്നുണ്ട്. അടിസ്ഥാനസൗകര്യം, റോഡ് വികസനം തുടങ്ങിയ മേഖലകളിൽ പുത്തൻ സാങ്കേതികതയും ഉൽപ്പന്നങ്ങളും സമ്മേളനം പരിചയപ്പെടുത്തുന്നുണ്ട്. മോസ്‌കോ ട്രാൻസ്‌പോർട്ട് കന്പനി, നെതർലൻഡ്‌സിലെ ടു ഗെറ്റ് ദേർ, ജർമ്മനിയിലെ കെ.വി.ബി. നെക്സ്റ്റ് ബൈക്ക്, എം.എസ്.ഐ. സിങ്കപ്പൂർ തുടങ്ങിയ ലോകോത്തര കന്പനികൾ ഡ്രൈവറില്ലാ വാഹനങ്ങളും മറ്റു അത്യാധുനിക ഗതാഗത സംവിധാനങ്ങളുമായി സമ്മേളനത്തിന്റെ ഭാഗമാകുന്നുണ്ട്.
പുതിയ സാങ്കേതികവിദ്യകളും നൂതനാശയങ്ങളും ഉപയോഗിച്ച് പൊതുഗതാഗത സംവിധാനം വിപുലീകരിക്കുന്നത് തുടരുമെന്ന് ഉദ്ഘാടന സെഷനിൽ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി ചെയർമാൻ മത്താർ അൽ തായർ പറഞ്ഞു.
ചെറിയ ദൂരങ്ങളിൽ യാത്രചെയ്യാൻ സഹായമാകുന്ന മുച്ചക്രവാഹനമായ കാൻ ആം സ്‌പൈഡർ ആണ് പ്രദർശനത്തിലെ ശ്രദ്ധ കവർന്നത്. താമസയിടത്തുനിന്ന് മെട്രോ േസ്റ്റഷനിലേക്ക് പോകാൻ കരീം ആപ്പ് വഴി ഈ മുച്ചക്രക്കാരന്റെ സേവനം പ്രയോജനപ്പെടുത്താം. ആദ്യ പത്തു മിനിറ്റിനു പത്ത് ദിർഹമാണ് ചാർജ്. പിന്നീട് ഓരോ മിനിറ്റിനും ഒരു ദിർഹംവെച്ച് അധികം നൽകണം. ഇതിന്റെ പരീക്ഷണ ഓട്ടം ഉടനെ ആരംഭിക്കും.
