വിന്റർ ക്യാന്പുകൾ നീക്കം ചെയ്യണമെന്ന് ദുബൈ മുനിസിപ്പാലിറ്റി

ദുബൈ: അടുത്തമാസം ഏഴിനു മുന്പായി അൽ അവീർ മേഖലയിലെ വിന്റർ ക്യാന്പുകൾ നീക്കം ചെയ്യണമെന്നു മുനിസിപ്പാലിറ്റിയുടെ മുന്നറിയിപ്പ്. തണുപ്പുകാലം അവസാനിക്കാറായ സാഹചര്യത്തിലാണ് മുനിസിപ്പാലിറ്റിയുടെ നടപടി. ഈ സീസണിൽ 250 ക്യാംപുകൾക്കാണ് അനുമതി നൽകിയിരുന്നത്. താൽക്കാലിക ക്യാന്പുകൾ തുടങ്ങാൻ സീസൺ ആരംഭിച്ച നവംബർ ആദ്യം മുതൽ കഴിഞ്ഞമാസം അവസാനം വരെ അപേക്ഷകൾ ലഭിച്ചിരുന്നു.
ക്യാന്പ് ഉടമകൾ മുനിസിപ്പാലിറ്റി ഓഫിസിൽ എത്തി ഇൻഷുറൻസ് തുക മടക്കിവാങ്ങണമെന്നും നിർദ്ദേശിച്ചു. മരുഭൂമിയിലെ ഉല്ലാസകാലം ഏറ്റവും സുരക്ഷിതമായാണ് കടന്നുപോകുന്നതെന്നു ബിൽഡിംങ്സ് ഡിപാർട്മെന്റ് ഡയറക്ടർ ലയാലി അബ്ദുൽ റഹ്മാൻ അൽ മുല്ല പറഞ്ഞു.
പോലീസ്, ആർ.ടി.എ, ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി, സിവിൽ ഡിഫൻസ്, ആംബുലൻസ് സർവ്വീസ് എന്നിവയുടെ സഹകരണ ത്തോടെയാണ് സീസൺ വിജയമാക്കാൻ കഴിഞ്ഞത്. സന്ദർശകരുടെ സുരക്ഷിതത്വം കണക്കിലെടുത്തു വ്യാപക ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.