പകർച്ചവ്യാധികൾക്കെതിരെ ജാഗ്രത പുലർത്തണം: ആരോഗ്യവകുപ്പ്

തൃശ്ശൂർ: പൂരം അടുത്ത സാഹചര്യത്തിൽ പകർച്ചവ്യാധികൾക്കെതിരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, വയറിളക്കം, കോളറ തുടങ്ങിയ പല മാരക പകർച്ചാവ്യാധികളും പടർന്നു പിടിക്കുവാനുള്ള സാദ്ധ്യതയുള്ളതിനാൽ കുടിവെള്ളം സുരക്ഷിതമാന്നെന്ന് ഉറപ്പു വരുത്തണം. തിളപ്പിച്ചാറിയ വെള്ളം കുടിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
ഭൂഗർഭ ജലനിരക്ക് താഴുകയും, കുടിവെള്ള ലഭ്യത കുറയുകയും ചെയ്ത ഈ സാഹചര്യത്തിൽ വെള്ളം കൂടുതൽ മലിനമാകാനുള്ള സാദ്ധ്യതയുണ്ട്. ചെറുകിട ഭക്ഷണശാലകളിലെയും തട്ടുകടകളിലെയും ഭക്ഷണ പാനീയങ്ങൾ ഉപയോഗിക്കുന്നവർ അത് ഭക്ഷ്യയോഗ്യമാണെന്നു ഉറപ്പുവരുത്താൻ പ്രത്യേകം ശ്രദ്ധിക്കണം. കുടിവെള്ള ടാങ്കറുകളിൽ വെള്ളം വിതരണം ചെയ്യുന്നവർ വെള്ളം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തണം. ടാങ്കറുകളുടെ പരിശോധന കർശനമാക്കാൻ ആരോഗ്യവകുപ്പ് ജീവനക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ശീതളപാനീയങ്ങൾ ഉണ്ടാക്കി വിൽക്കുന്ന കടകളിലും വിവാഹം തുടങ്ങിയ ചടങ്ങുകളിൽ വിതരണം ചെയ്യുന്ന വെൽകം ഡ്രിങ്കിലും ശുദ്ധമായ വെള്ളം മാത്രം ഉപയോഗിക്കുകയും വ്യാപാര അടിസ്ഥാനത്തിലുള്ള ഐസ് നിർബന്ധമായും ഒഴിവാക്കുകയും ചെയ്യണം. ഇത് ഉറപ്പുവരുത്തുന്നതിന് ആരോഗ്യവകുപ്പ് വ്യാപക പരിശോധന നടത്തും. ഭക്ഷണ സാധനങ്ങൾ തുറന്ന് വച്ച് വിൽക്കുന്നത് ഈച്ചയും മറ്റ് പ്രാണികളും മൂലം മലിനമാകുന്നതിന് ഇടയാക്കും. പഴകിയതും തുറന്നുവെച്ചതും മലിന സാഹചര്യങ്ങളിൽ തയ്യാറാക്കിയതുമായ ഭക്ഷണസാധനങ്ങളും വിൽക്കുന്നതിനെതിരെ കർശന നടപടികൾ സ്വീകരിക്കും. കടുത്ത പനി, ഓക്കാനം, ഛർദ്ദി, ക്ഷീണം, വിശപ്പില്ലായ്മ തുടങ്ങിയ രോഗ ലക്ഷണങ്ങൾ കണ്ടാൽ നിർബന്ധമായും ഡോക്ടറെ സന്ദർശിച്ച് വിദഗ്ദ്ധ ചികിത്സ നേടണമെന്നും ഗ്യവകുപ്പ് നിർദ്ദേശിച്ചു.