തൊഴിൽ വിസയ്ക്ക് സ്വഭാവ സർട്ടിഫിക്കറ്റ് : തീരുമാനം നീട്ടിവെച്ചതായി യു.എ.ഇ
ദുബൈ : യു.എ.ഇയിൽ തൊഴിൽ വിസയ്ക്ക് സ്വഭാവ സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നത് നീട്ടിവെച്ചു. മനുഷ്യവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചതാണിത്. ഫെബ്രുവരി നാലുമുതലാണ് രാജ്യത്ത് തൊഴിൽ വിസ ലഭിക്കാൻ സ്വഭാവ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ നിയമം പ്രാബല്യത്തിലായത്. ഈ തീരുമാനം നടപ്പാക്കുന്നത് തൽക്കാലം നീട്ടിവെയ്ക്കുകയാണെന്ന് മന്ത്രാലയം അറിയിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ തൊഴിൽ വിസയ്ക്ക് സ്വഭാവ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ല. എല്ലാ രാജ്യങ്ങളിലെയും പൗരന്മാർക്ക് ഈ ഇളവ് ബാധകമാണ്.
ഒന്‍പത് രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് സ്വഭാവ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് വിസ സേവനകേന്ദ്രങ്ങളായ ചില തസ്ഹീൽ അധികൃതരും അറിയിച്ചിരുന്നു. എന്നാൽ, ഇതിന് ഔദ്യോഗികമായ സ്ഥിരീകരണം ഉണ്ടായിരുന്നില്ല. സ്വഭാവ സർട്ടിഫിക്കറ്റ് ഇല്ലാതെ തന്നെ ചിലർക്ക് വിസ നൽകിയതും അതേസമയം, ഇതിന് സ്ഥിരീകരണം ഇല്ലാത്തതും രാജ്യത്തിനകത്തും പുറത്തും വലിയ ആശയക്കുഴപ്പം സൃഷ്ടിച്ചു.
ഇന്ത്യയടക്കം ഒന്പത് രാജ്യങ്ങളെ നിബന്ധനയിൽ നിന്ന് ഒഴിവാക്കിയെന്നുകാണിച്ച് വിസാ സേവനകേന്ദ്രങ്ങൾക്ക് സർക്കുലർ വന്നതായായിരുന്നു റിപ്പോർട്ട്. സ്വഭാവ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധന തൽകാലത്തേക്ക് മന്ത്രാലയം തന്നെ ഒഴിവാക്കിയതോടെ ഇക്കാര്യത്തിലുള്ള അവ്യക്തത നീങ്ങി.
പുതിയ തൊഴിൽ വിസയ്ക്ക് അപേക്ഷിക്കുന്നവർക്ക് ക്രിമിനൽ പശ്ചാത്തലങ്ങളില്ലെന്ന് ഉറപ്പിക്കാനും രാജ്യത്ത് സുരക്ഷ ഉറപ്പാക്കാനുമായിരുന്നു സ്വഭാവ സർട്ടിഫിക്കറ്റ് (പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്) നിർബന്ധമാക്കിയത്. വിദേശികൾ ഉൾപ്പെട്ട കുറ്റകൃത്യങ്ങളിൽ പലതിലും ഇവർ സ്വന്തം രാജ്യങ്ങളിൽ സമാനമായ കുറ്റകൃത്യങ്ങൾ ചെയ്തവരാണെന്ന് തെളിഞ്ഞിരുന്നു. ഇതാണ് ഇത്തരത്തിൽ ഒരു വ്യവസ്ഥ ഉണ്ടാക്കാൻ യു.എ.ഇതൊഴിൽ മന്ത്രാലയത്തെ നിർബന്ധിതരാക്കിയത്.
എന്നാൽ, ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്ന് ആദ്യമായി യു.എ.ഇയിലേക്ക് ജോലിക്ക് വരുന്നവരിലാണ് ഇത് ഏറെ ആശയക്കുഴപ്പമുണ്ടാക്കിയത്. യു.എ.ഇ.യിലേക്ക് തൊഴിൽ അന്വേഷിച്ച് എത്തുന്ന ആയിരക്കണക്കിന് മലയാളികളും ഇക്കാര്യത്തിൽ പ്രയാസം നേരിട്ടു.
കേരളത്തിൽ നിന്ന് ഇത് കിട്ടാൻ നടപടി ക്രമങ്ങൾ സങ്കീർണമാണെന്നായിരുന്നു വലിയ പരാതി. എംബസി അടക്കമുള്ള സംവിധാനങ്ങൾ ഇടപെട്ടിരുന്നെങ്കിലും സ്വഭാവ സർട്ടിഫിക്കറ്റ് ലഭിക്കാനും സാക്ഷ്യപ്പെടുത്താനുമുള്ള നടപടികൾ സുഗമമായില്ല. ഈ സാഹചര്യത്തിൽ സ്വഭാവ സർട്ടിഫിക്കറ്റ് തൽക്കാലം ഒഴിവാക്കിക്കൊണ്ടുള്ള തീരുമാനം ആയിരക്കണക്കിന് തൊഴിലന്വേഷകർക്ക് ആശ്വാസമാകും.

