ദു­ബൈ വേ­ൾ‍­ഡ് കപ്പിന് തു­ടക്കമാ­യി­


ദുബൈ : ലോകത്തിലെ ഏറ്റവും മികച്ച പന്തയക്കുതിരകൾ‍ മത്സരിക്കുന്ന 23ാമത് ദുബൈ വേൾ‍ഡ് കപ്പ് കുതിരയോട്ട മത്സരത്തിന് തുടക്കമായി. ഇന്ന്  ഉച്ചതിരിഞ്ഞാണ് ദുബൈ മെയ്ദാനിലെ റെയ്‌സ് കോർ‍സിൽ‍ മത്സരങ്ങൾ‍ ആരംഭിച്ചത്. ദുബൈ വേൾ‍ഡ് കപ്പ് കാർ‍ണിവൽ‍ എന്ന പേരിൽ‍ രണ്ട് മാസമായി നടന്നുവന്ന ചെറുതും വലുതുമായ പന്തയങ്ങളുടെ പരിസമാപ്തിയായിട്ടാണ് മെയ്ദാനിലെ വേൾ‍ഡ് കപ്പ്. ഏറ്റവും വലിയ സമ്മാനത്തുക നൽ‍കുന്ന മത്സരങ്ങളിലൊന്നാണിത്. വൈകീട്ട് 3.45−ന് ആണ് ആദ്യമത്സരം ആരംഭിച്ചത്. അരമണിക്കൂർ‍ ഇടവേളകളിലായിട്ടാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. 

ജനുവരിയിൽ‍ ആരംഭിച്ച 11 മത്സരങ്ങളുടെ അവസാനമാണ് മാർ‍ച്ച് മാസത്തിലെ അവസാന ശനിയാഴ്ച നടക്കുന്ന വേൾ‍ഡ് കപ്പ്. ഇതാകട്ടെ വേഗത്തിന്റെയും വിനോദത്തിന്റെയും അഴകിന്റെയും വേദികൂടിയാണ്.  രാത്രി 8.50−നാണ് ദുബൈ വേൾ‍ഡ് കപ്പിനായുള്ള മത്സരം. കഴിഞ്ഞവർ‍ഷം സൗദി രാജകുമാരൻ ഖാലിദ്
ബിൻ അബ്ദുള്ളയുടെ ഉടമസ്ഥതയിലുള്ള അറോഗേറ്റ് എന്ന കുതിരയായിരുന്നു ഒരു കോടി ഡോളർ‍ സമ്മാനത്തുകയുള്ള മത്സരത്തിലെ ജേതാവ്. ഒരു കോടി ഡോളറിൽ‍ 60 ലക്ഷം ഡോളറാണ് ഒന്നാമതെത്തുന്ന കുതിരയ്ക്കുള്ള സമ്മാനത്തുക. ബാക്കി തുക അടുത്ത അഞ്ച് സ്ഥാനക്കാർ‍ക്കായി നൽ‍കും. രണ്ട് കിലോ
മീറ്ററാണ് ഈ മത്സരത്തിനുള്ള ദൂരം.  നാൽ‍പ്പതോളം രാജ്യങ്ങളിൽ‍നിന്നുള്ള 118 മത്സരക്കുതിരകളാണ് ഈ വർ‍ഷം ദുബൈയിൽ‍ മാറ്റുരയ്ക്കുന്നത്. കലാപരിപാടികളും വെടിക്കെട്ടും സമാപനച്ചടങ്ങിലുണ്ടാകും. പൊതുജനങ്ങൾ‍ക്ക് 40 ദിർ‍ഹത്തിന്റെ ടിക്കറ്റുമായി മത്സരം കാണാൻ സൗകര്യമുണ്ട്. വിവിധ മെട്രോേസ്റ്റഷനുകളിൽ‍ നിന്ന് മെയ്ദാനിലേക്ക് ദുബൈ ആർ‍.ടി.എ ബസ് സർവ്വീസ് നടത്തുന്നുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed