ഷാർജ പൈതൃകദിനാഘോഷം : 31 രാജ്യങ്ങൾ പങ്കെടുക്കും
ഷാർജ : പതിനാറാമത് ഷാർജ പൈതൃക ദിനാഘോഷം അടുത്തമാസം നാലു മുതൽ 21 വരെ റോളയിലെ ഹെറിറ്റേജ് മ്യൂസിയത്തിലും എമിറേറ്റിലെ വിവിധ കേന്ദ്രങ്ങളിലുമായി നടക്കും. പൈതൃകത്തെ മുറുകെ പിടിച്ച് നമുക്ക് മുന്നേറാം എന്ന പ്രമേയത്തിലുള്ള പരിപാടിയിൽ 31 രാജ്യങ്ങളും നാലു രാജ്യാന്തര സംഘടനകളും പങ്കെടുക്കും.
സുഡാൻ, കുവൈത്ത്, ഒമാൻ, ബഹ്റൈൻ, സൗദി അറേബ്യ, യെമൻ, ഇറാഖ്, ഇൗജിപ്ത്, ജോർദാൻ, പലസ്തീൻ, മൗറിട്ടാനിയ, ലിബിയ, ടുനീഷ്യ, മൊറോക്കോ, അൽജീറിയ, ലബനൻ, മാൾട്ട, ഇറ്റലി, തജകിസ്ഥാൻ, ബോസ്നിയ, മെക്സിക്കോ, പരാഗ്വേ, അർജന്റീന, ക്രൊയേഷ്യ, ഫ്രാൻസ്, ജർമ്മനി, സ്പെയിൻ, ജപ്പാൻ, ചൈന എന്നിവയാണ് പങ്കെടുക്കുന്ന രാജ്യങ്ങൾ. അതിഥി രാജ്യം ചെക് റിപബ്ലിക്. ആഗോള സാംസ്കാരിക പരിപാടികളാണ് ഇപ്രാവശ്യത്തെ പ്രത്യേകത.
കൾച്ചറൽ കഫെയിൽ 16 പരിപാടികൾ അരങ്ങേറും. യു.എ.ഇയുടെ സംസ്കാരവും പാരന്പര്യവും രാജ്യാന്തര തലത്തിൽ എത്തിക്കുന്നതിനാണ് എല്ലാ വർഷവും പൈതൃക ദിനങ്ങൾ കൊണ്ടാടുന്നതെന്ന് ഷാർജ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെറിറ്റേജ്, ഹെറിറ്റേജ് ഡേയ്സ് ഹയർ കമ്മിറ്റി എന്നിവയുടെ ചെയർമാൻ അബ്ദുൽ അസീസ് അൽ മുസല്ലം പറഞ്ഞു. ഷാർജ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെറിറ്റേജ് ഉപമേധാവി മുഹമ്മദ് ഖമീസ്, പൈതൃക ദിനങ്ങളുടെ ജനറൽ കോഓർഡിനേറ്റർ ബാദിർ അൽ ഷെഹി എന്നിവരും പങ്കെടുത്തു.

