ഡ്രൈവിംഗിനിടെ മൊബൈൽ ഉപയോഗം : പിഴ ചുമത്തിയത് 30402 പേർക്ക്
അബുദാബി : വാഹനം ഓടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചതിന് കഴിഞ്ഞ വർഷം അബുദാബി പോലീസ് 30,402 പേർക്കു പിഴ ചുമത്തി. ഡ്രൈവിംഗിനിടെ മൊബൈൽ ഫോണുകൾ ഉപയോഗിച്ചുണ്ടായ വാഹനാപകടത്തിൽ മൂന്നുപേർ മരിച്ചു. അബുദാബി പോലീസ് ട്വിറ്റർ അക്കൗണ്ടിലാണ് ഇക്കാര്യം അറിയിച്ചത്.
ഡ്രൈവർമാർ മൊബൈൽ ഫോണിൽ സംസാരിക്കവെ അബുദാബി എമിറേറ്റിൽ കഴിഞ്ഞവർഷം മൊത്തം 48 ട്രാഫിക് അപകടങ്ങളാണുണ്ടായത്. അഞ്ചുപേർക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. ഡ്രൈവിംഗ് സമയത്ത് മൊബൈൽ ഫോൺ ഉപയോഗം ഒഴിവാക്കണമെന്ന് അബുദാബി പോലീസ് സെൻട്രൽ ഓപ്പറേഷൻസ് ഡയറക്ടർ ബ്രിഗേഡിയർ അലി ഖൽഫാൻ അൽ ദാഹിരി ഓർമിപ്പിച്ചു.
നിയമലംഘനം നടത്തുന്നവർക്ക് 800 ദിർഹമാണ് പിഴ. ട്രാഫിക് അപകടങ്ങളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നതു നിയമപ്രകാരം നിരോധിച്ചിട്ടുണ്ട്. നിയമം ലംഘിച്ചാൽ തടവുശിക്ഷയും പിഴയും ചുമത്തും. പ്രായപൂർത്തിയാകാത്തവർ വാഹനം ഓടിക്കുന്നത് തടയാൻ അബുദാബി പോലീസ് നിരീക്ഷണം ശക്തമാക്കി. നഗരത്തിലും താമസകേന്ദ്രങ്ങളിലും പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിൻെറ ഭാഗമായാണ് നടപടി. ഇത്തരക്കാരുടെ ഡ്രൈവിംഗ് മൂലമുണ്ടായ അപകടങ്ങളിൽ കഴിഞ്ഞ വർഷം 17 പേരാണു മരിച്ചത്. ലൈസൻസില്ലാതെ വാഹനമോടിക്കുന്നതിൽനിന്ന് മക്കളെ തടയണമെന്ന് പോലീസ് രക്ഷിതാക്കളെ ഓർമിപ്പിച്ചു.

