ഗതാഗത നിയമലംഘനം : അബുദാബിയിൽ പിഴ ഇളവ് പ്രയോജനപ്പെടുത്തിയത് 18 ലക്ഷത്തിലേറെപ്പേർ
അബുദാബി : റോഡ് ഗതാഗത നിയമലംഘനങ്ങളുടെ പിഴ 50 ശതമാനം ഇളവിൽ മൂന്നുമാസത്തിനുള്ളിൽ അടയ്ക്കാൻ അനുവദിച്ചത് പതിനെട്ടു ലക്ഷത്തിലേറെപ്പേർ പ്രയോജനപ്പെടുത്തി. കഴിഞ്ഞ മാസമാണു കാലാവധി അവസാനിച്ചത്. 18,67,728 പേരാണു നിയമലംഘനങ്ങളുടെ പിഴ തീർപ്പാക്കിയതെന്ന് അബുദാബി പോലീസ് പറഞ്ഞു.
യു.എ.ഇ 46−ാം ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധസേനയുടെ ഉപസർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദ്ദേശം അനുസരിച്ചാണു റോഡ് ഗതാഗത നിയമലംഘന പിഴകൾക്ക് ഇളവു പ്രഖ്യാപിച്ചതെന്ന് അബുദാബി പോലീസ് സെൻട്രൽ ഓപ്പറേഷൻസ് ട്രാഫിക് ആൻഡ് പട്രോൾ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ മുഹമ്മദ് അൽ ഖൈലി അറിയിച്ചു.
അബുദാബി എമിറേറ്റിലെ സായെദ് പോലീസ് അപകട രജിസ്‌ട്രേഷൻ ഫീസ് ഒഴികെയുള്ള എല്ലാ റോഡ് ഗതാഗത നിയമലംഘനങ്ങൾക്കും ആനുകൂല്യം അനുവദിച്ചിരുന്നു. മൂന്നു മാസത്തെ കാലാവധി കഴിഞ്ഞതിനുശേഷം നിയമലംഘനങ്ങൾക്കു പിഴ യഥാർത്ഥ തുകയിലേക്കു മാറ്റിയതായി ബ്രിഗേഡിയർ അൽ ഖൈലി പറഞ്ഞു.

