നാഷണൽ പീപ്പിൾസ് കോൺഗ്രസിന്റെ വാർഷിക സമ്മേളനത്തിന് തുടക്കമായി
ബെയ്ജിംഗ് : പ്രധാനമന്ത്രി ലി കെചിയാങ് ചൈനീസ് പാർലമെന്റായ നാഷനൽ പീപ്പിൾസ് കോൺഗ്രസിന്റെ (എൻ.പി.സി) വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു. 16 ദിവസം നീളുന്ന സമ്മേളനത്തിൽ മൂവായിരത്തോളം പ്രതിനിധികളാണ് പങ്കെടുക്കുന്നത്.
ചിന്പിങ്ങിന്റെ നേതൃപാടവവും ഭരണ നേട്ടങ്ങളും പുകഴ്ത്തിയുള്ള പ്രസംഗത്തിൽ, ചിന്പിങ്ങിനെ അനുസരിച്ച് അദ്ദേഹത്തിനു പിന്നിൽ അണിനിരക്കാൻ കെചിയാങ് പ്രതിനിധികളോട് ആവശ്യപ്പെട്ടു. 2018ൽ 6.5% സാന്പത്തിക വളർച്ചയാണു ലക്ഷ്യമിടുന്നതെന്നു പ്രവർത്തന റിപ്പോർട്ടിൽ വ്യക്തമാക്കി.
എൻ.പി.സി വാർഷിക സമ്മേളനങ്ങളിലൂടെയാണ് കമ്യൂണിസ്റ്റ് സർക്കാരിന്റെ നയ പരിപാടികൾക്കു രൂപം നൽകുന്നത്. അഴിമതി വിരുദ്ധ ഏജൻസിയും കാബിനറ്റ് പദവിയുള്ള മേൽനോട്ട കമ്മിറ്റിയും രൂപീകരിക്കാനുള്ള നിർദേശത്തിനും എൻ.പി.സി സമ്മേളനത്തിൽ അംഗീകാരമാകും. പുതിയ ഉപപ്രധാനമന്ത്രിയെയും സെൻട്രൽ ബാങ്ക് ഗവർണറെയും നിയമിക്കും.
പുതിയ വൈസ് പ്രസിഡണ്ടായി വാൻ കിഷാനെ നിയമിക്കുമെന്നാണു സൂചന. ഇതു സംബന്ധിച്ച പ്രഖ്യാപനം 17നാണ്. പൊളിറ്റ് ബ്യൂറോ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗമല്ലാത്ത വാങ് വൈസ് പ്രസിഡണ്ടായാൽ അതും ചരിത്രമാവും. പ്രസിഡണ്ട് കാലാവധി ആജീവനാന്തമാക്കുന്നതു വൈസ് പ്രസിഡണ്ടിനും ബാധകമായതിനാൽ ഷി വാങ് കൂട്ടുകെട്ടിന്റെ ഭരണമാകും ഇനിയങ്ങോട്ടു ചൈനയിൽ നടക്കുക.
അഞ്ചു വർഷം വീതം പരമാവധി രണ്ടു തവണ മാത്രമേ ഒരാൾക്കു പ്രസിഡണ്ടാകാനാകൂ എന്ന ഭരണഘടനാ വകുപ്പു ഭേദഗതി ചെയ്ത് ആജീവനാന്ത അധികാരം നിലനിർത്താനാണു ഷി ചിന്പിങ്ങിന്റെ ശ്രമമെന്നാണ് സൂചന. നാഷനൽ പീപ്പിൾസ് കോൺഗ്രസ് ഉദ്ഘാടനം ചെയ്തുകൊണ്ടു പ്രധാനമന്ത്രി കെചിയാങ് നടത്തിയ 105 മിനിറ്റ് പ്രസംഗത്തിലൊരിടത്തും ഈ വിഷയം പരാമർശിച്ചില്ല.
പുതിയ നിർദേശങ്ങളെല്ലാം അടുത്ത ഞായറാഴ്ച വോട്ടിനിടുന്പോൾ എല്ലാവരും പിന്തുണയ്ക്കണമെന്ന കർശന നിർദേശം പരോക്ഷമായി നൽകിയിട്ടുമുണ്ട്.

