ഇത്തി­ഹാദ് റെ­യിൽ പദ്ധതി­യു­ടെ­ രണ്ടാം ഘട്ടത്തിന് പച്ചക്കൊ­ടി­


അബുദാബി : യു.എ.ഇയിൽ  ഇത്തിഹാദ് റെയിൽ പദ്ധതിയുടെ രണ്ടാംഘട്ടത്തിനു പച്ചക്കൊടി. അടിസ്ഥാന സൗകര്യവികസന മന്ത്രിയും ഫെഡറൽ ട്രാൻസ്പോർട് അതോറിറ്റി (എഫ്.ടി.എ) ചെയർമാനുമായ ഡോ. അബ്ദുല്ല ബിൻ മുഹമ്മദ് അൽ നുഐമിയാണ് ഇതുസംബന്ധിച്ചു സൂചന നൽകിയത്. ഏഴ് എമിറേറ്റുകളെയും ബന്ധിപ്പിച്ചുള്ള വന്പൻ റെയിൽ പദ്ധതിയാണ് മുന്നോട്ടു കുതിക്കുക. പ്രധാന തുറമുഖങ്ങളെ ബന്ധിപ്പിക്കുന്നതാണ് രണ്ടാംഘട്ടം. 

 അബുദാബി മുസഫ, ഖലീഫ തുറമുഖം, ദുബൈയിലെ ജബൽഅലി തുറമുഖം എന്നിവിടങ്ങളെ ബന്ധിപ്പിച്ചു സൗദി, ഒമാൻ അതിർത്തികൾ വരെയുള്ള 628 കിലോമീറ്റർ റെയിൽ ശൃംഖലയാണ് വിഭാവനം ചെയ്യുന്നത്. ഇത്തിഹാദ് റെയിലിന്റെ ആദ്യഘട്ടം 2013ൽ പ്രവർത്തനമാരംഭിച്ചിരുന്നു. ഷാ, ഹബ്ഷൻ മേഖലകളിൽ നിന്ന് റുവൈസ് തുറമുഖം വരെയുള്ള 264 കിലോമീറ്റർപാതയാണിത്.

സൾഫർ നീക്കത്തിനാണ് നിലവിൽ ഈ പാത ഉപയോഗിക്കുന്നത്. വടക്കൻ എമിറേറ്റുകളുടെ വികസനം ലക്ഷ്യമിട്ട് റാസൽഖൈമ, ഫുജൈറ എന്നിവിടങ്ങളിലേക്കുള്ള 279 കിലോമീറ്റർ റെയിൽപാതയാണ് മൂന്നാംഘട്ടം. ആദ്യം ചരക്കു നീക്കത്തിനും പിന്നീടു യാത്രയ്ക്കും കൂടി ഉൾപ്പെടുത്താനാകും വിധമാണ് പദ്ധതി നടപ്പാക്കുക. 2016 ജനുവരിയിൽ രണ്ടാംഘട്ടത്തിന്റെ ടെൻഡർ നടപടികൾ ഉൾപ്പെടെ ഇത്തിഹാദ് റെയിൽ നിർത്തിവയ്ക്കുകയായിരുന്നു. മുൻഗണനാടിസ്ഥാനത്തിൽ മറ്റു ചില പദ്ധതികൾ പൂർത്തിയാക്കേണ്ട സാഹചര്യത്തിലാണ് ഇതെന്നായിരുന്നു റിപ്പോർട്ട്.

പദ്ധതി വീണ്ടും സജീവമാകുന്നതിന്റെ ഭാഗമായി യു.എ.ഇ പ്രസിഡണ്ട് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ കഴിഞ്ഞമാസം ഇത്തിഹാദ് റെയിൽ ബോർഡ് പുനഃസംഘടിപ്പിച്ചു. ഷെയ്ഖ് ദിയബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ചെയർമാനായ ബോർഡിന്റെ കാലാവധി മൂന്നു വർഷമാണ്. ദുബൈ ആർ.ടി.എ ചെയർമാൻ മത്താർ അൽ തായർ, ഷാർജ ആർ.ടി.എ ചെയർമാൻ യൂസഫ് സാലിഹ് അൽ സുവൈജി, അബുദാബി അർബൻ പ്ലാനിംങ് കൗൺസിൽ ഡയറക്ടർ ജനറൽ ഫലാഹ് അൽ അഹ്ബാബി, ഫെഡറൽ അതോറിറ്റി ഫോർ ലാൻഡ് ആൻഡ് മറൈൻ ട്രാൻസ്പോർട് ഡയറക്ടർ ജനറൽ അബ്ദുല്ല സാലിം അൽ കതിരി, ഫുജൈറ എമിരി ദിവാൻ ഡയറക്ടർ ജനറൽ മുഹമ്മദ് സഈദ് അൽ ധൻഹാനി തുടങ്ങിയവരാണ് ബോർഡ് അംഗങ്ങൾ.

ഇത്തിഹാദ് റെയിലിൽ തുടങ്ങി ജി.സി.സി രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന റെയിൽ പദ്ധതിയാണ് ലക്ഷ്യമിടുന്നത്. ഓരോ മേഖലയിലൂടെയും കടന്നുപോകുന്ന പാതയുടെ നിർമ്മാണച്ചുമതല അതതു രാജ്യങ്ങൾക്കായിരിക്കുമെന്നാണു ധാരണ.  

You might also like

  • Lulu Exchange
  • Straight Forward

Most Viewed