ബഹ്‌റൈനിൽ കാലവസ്ഥ അസ്ഥിരം; താപനില താഴേക്ക്
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ബഹ്‌റൈനിൽ അസ്ഥിരമായ കാലാവസ്ഥ നാലാം ദിവസവും തുടരുന്നു. ഇന്നലെ അർധരാത്രി മുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റോടു കൂടിയ ഇടിമിന്നലോടുള്ള മഴയാണ് അനുഭവപ്പെട്ടത്. മണിക്കൂറിൽ 40 നോട്ട്സിന് മുകളിൽ വേഗതയുള്ള ശക്തമായ കാറ്റും ഇതോടൊപ്പം രേഖപ്പെടുത്തി.
ന്യൂനമർദത്തെത്തുടർന്ന് രൂപപ്പെട്ട കാർമേഘങ്ങളാണ് കാലാവസ്ഥാ വ്യതിയാനത്തിന് കാരണം. നിലവിൽ 21 ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്ന താപനില വരും ദിവസങ്ങളിൽ ഇനിയും കുറയാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശനി, ഞായർ ദിവസങ്ങളിൽ താപനില 18 ഡിഗ്രി സെൽഷ്യസ് വരെ താഴാനാണ് സാധ്യത.
മോശം കാലാവസ്ഥയെത്തുടർന്ന് വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് നിർദ്ദേശിച്ചു. കൃത്യമായ ലെയ്ൻ പാലിക്കാനും വേഗത കുറയ്ക്കാനും വാഹനങ്ങൾ തമ്മിൽ സുരക്ഷിതമായ അകലം പാലിക്കാനും അധികൃതർ ആവശ്യപ്പെട്ടു. റോഡിലെ ശ്രദ്ധ തിരിക്കുന്ന കാര്യങ്ങൾ ഒഴിവാക്കി പൊതുസുരക്ഷ ഉറപ്പാക്കണമെന്നും ട്രാഫിക് വിഭാഗം ഓർമ്മിപ്പിച്ചു.
tghrrr



