ദുബൈ ടൂറിസത്തിന് കുതിപ്പേകാൻ ക്യാന്പയ്നുമായി ഷാരൂഖ് ഖാൻ
ദുബൈ : ദുബൈ ടൂറിസത്തിന് കുതിപ്പേകാൻ വീഡിയോ ക്യാന്പയ്നുമായി വീണ്ടും ബോളിവുഡ് നടൻ ഷാരൂഖ് ഖാൻ. ദുബൈ വിനോദസഞ്ചാര വകുപ്പിനായി 'ബി മൈ ഗസ്റ്റ്' എന്ന ക്യാന്പയ്നിലാണു നടൻ പ്രത്യക്ഷപ്പെടുന്നത്. ബോളിവുഡ് സംവിധായകൻ കബീർഖാനാണ് ക്യാന്പയ്നിന്റെ പിന്നിൽ.
ഹൃസ്വചിത്രങ്ങളിലൂടെയാണു നടൻ ഇത്തവണ സന്ദർശകരെ ദുബൈയിയുടെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ആനയിക്കുന്നത്. ക്യാന്പയിനിൽ ദുബൈ ടൂറിസവുമായുള്ള പങ്കാളിത്തം ഇത്തവണ കൂടുതൽ തലങ്ങളിലേക്കു വ്യാപിച്ചതായി നടൻ പറഞ്ഞു. ഓരോ സന്ദർശകനും ഇതു തന്റെ സ്വന്തം സ്ഥലമെന്നു മനസിൽ കരുതുന്ന ആകർഷണം ദുബൈയിക്കുണ്ട്. ഈ അത്ഭുതനഗരത്തെ ഏറെ സ്നേഹിക്കുന്നതുകൊണ്ടാണ് ഇത്തവണയും ആരാധകർക്കായി വീഡിയോ പങ്കുവയ്ക്കുന്നതെന്നും നടൻ പറഞ്ഞു.

