വാറ്റ് സംബന്ധിച്ച പരാതികളിൽ കർശന നടപടിയെന്ന് ഡി.ഇ.ഡി
ദുബൈ : വാറ്റിന്റെ പേരിലുള്ള ചൂഷണങ്ങൾ തടയാൻ കർശന നിലപാടെടുക്കുമെന്ന് ദുബൈ സാന്പത്തിക വികസന വിഭാഗം (ഡി.ഇ.ഡി.) വ്യക്തമാക്കി. ഡി.ഇ.ഡി അധികൃതർ ഉപഭോക്താക്കളിൽ നിന്ന് പരാതികളും സ്വീകരിക്കുന്നുണ്ട്. 71 പരാതികളാണ് ഒരു ദിവസം കൊണ്ട് ഡി.ഇ.ഡിക്ക് ലഭിച്ചത്. അന്യായമായി വില വർദ്ധിപ്പിച്ച ഒന്പതു വാണിജ്യ സ്ഥാപനങ്ങൾക്കെതിരേ ഡി.ഇ.ഡി നടപടി സ്വീകരിച്ചു. പരാതികളിന്മേലുള്ള അന്വേഷണം തുടങ്ങിയതായി അധികൃതർ അറിയിച്ചു. സ്ഥാപനങ്ങൾ വാറ്റ് തുക വ്യക്തമാക്കുന്ന വിശദമായ ബിൽ പലപ്പോഴും ഉപഭോക്താക്കൾക്ക് നൽകുന്നില്ലെന്ന് പരിശോധനയിൽ വ്യക്തമായതായി ഡി.ഇ.ഡി ഉപഭോക്തൃ സംരക്ഷണ വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ മുഹമ്മദ് അലി റാഷിദ് ലൂത്ത പറഞ്ഞു.
ദുബൈയിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന എല്ലാ സ്ഥാപനങ്ങളും വാറ്റുമായി ബന്ധപ്പെട്ട നിയമങ്ങൾ കൃത്യമായി പിന്തുടരണമെന്നും സ്ഥാപനത്തിന്റെ വലുപ്പമോ പ്രവർത്തനരീതിയോ ഇതിനു ബാധകമല്ലെന്നും അദ്ദേഹം പറഞ്ഞു. അഞ്ചു ശതമാനത്തിൽ കൂടുതൽ വില വർദ്ധിപ്പിക്കുന്നവർക്ക് പിഴചുമത്തുമെന്നും മുഹമ്മദ് അലി റാഷിദ് ലൂത്ത മുന്നറിയിപ്പ് നൽകി. രാവിലെ എട്ടുമുതൽ പിറ്റേന്ന് പുലർച്ചെ നാലുവരെ ഡി.ഇ.ഡിയുടെ പരിശോധകർ പ്രവർത്തിക്കുന്നുണ്ട്. വാറ്റ് സംബന്ധിച്ച പരാതികൾക്ക് അഹ്്ലൻ ദുബൈയിലോ, 600545555 എന്ന നന്പർ മുഖേനയോ ഡി.ഇ.ഡിയുടെ സമൂഹമാധ്യമങ്ങൾ വഴിയോ ഉപഭോക്താക്കൾക്ക് ബന്ധപ്പെടാം.
അതേസമയം വാറ്റിന്റെ മറവിൽ അമിതവില ഈടാക്കിയ അഞ്ചു സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചതായി സാന്പത്തിക മന്ത്രാലയ അധികൃതർ അറിയിച്ചു. വാറ്റ് നിലവിൽവന്ന ശേഷം പരാതികൾ വർദ്ധിച്ചതായി അധികൃതർ പറഞ്ഞു. ഉൽപ്പന്നത്തിന്റെ വിൽപ്പനവിലയിൽ ഈടാക്കാവുന്ന നികുതി അഞ്ചു ശതമാനമായി നിജപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇത് മറി കടന്നു കൂടുതൽ തുക ഈടാക്കിയ സ്ഥാപനങ്ങളാണ് കുടുങ്ങിയത്.
നിയമം ലംഘിച്ച രണ്ടു സ്ഥാപന ഉടമകളെ മന്ത്രാലയത്തിൽ വിളിപ്പിച്ചു വിശദീകരണം തേടാനും തീരുമാനിച്ചു. ഉപയോക്താക്കൾ വിപണികൾ നിരീക്ഷിച്ചു നിയമലംഘനങ്ങൾ അപ്പപ്പോൾ അറിയിക്കണമെന്നു ദുബൈ സാന്പത്തിക മന്ത്രാലയത്തിലെ ഉപഭോക്തൃ സംരക്ഷണ വകുപ്പ് തലവൻ അഹ്മദ് ഹസൻ അൽ സആബി ആവശ്യപ്പെട്ടു.
നികുതി പ്രാബല്യത്തിലായ ആദ്യ രണ്ടു ദിവസത്തിനുള്ളിൽത്തന്നെ 289 പരാതികൾ മന്ത്രാലയത്തിൽ എത്തിയിരുന്നു. ഈ സാഹചര്യത്തിൽ വിപണികൾ നിരീക്ഷിക്കാൻ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. പരിശോധിക്കാനും പരാതിപ്പെടാനും കൂടുതൽ സംവിധാനങ്ങൾ ഏർപ്പെടുത്തി. നികുതി മറയാക്കി അമിതവില ഈടാക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടികൾ ഉണ്ടാകുമെന്ന് അൽ സആബി വ്യക്തമാക്കി. വാറ്റ് നിലവിൽവന്ന ശേഷം ബിൽ അടക്കുന്പോൾ, അവകാശപ്പെട്ട തുക തിരിച്ചു നൽകാത്തത് നിയമലംഘനമാണെന്നു യു.എ.ഇ സാന്പത്തിക മന്ത്രാലയ ഉപഭോക്തൃ സംരക്ഷണ വകുപ്പ് തലവൻ ഡോ ഹാഷിം അൽ നുഐമി അറിയിച്ചു. ‘ചില്ലറയില്ല’ എന്ന കാരണം പറഞ്ഞ് അവകാശങ്ങൾ തടയരുതെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി.

