അമർ സേവന കേന്ദ്രങ്ങൾ വഴി 44100 വിസ ഇടപാടുകൾ
ദുബൈ : പുതുതായി ആരംഭിച്ച അമർ സേവന കേന്ദ്രങ്ങൾ വഴി നാൽപതിനായിരത്തോളം വിസ ഇടപാടുകൾ നടത്തിയതായി ദുബൈ താമസ കുടിയേറ്റ വകുപ്പ് അറിയിച്ചു. വിസ ഇടപാടുകൾക്കായി ടൈപ്പിംങ് സെന്ററുകൾക്കു പകരമാണ് അമർ സെന്ററുകൾ ആരംഭിച്ചത്.
നവംബർ മുതലാണു വിസ ഇടപാടുകൾ അമർ കേന്ദ്രങ്ങൾ വഴിയാക്കിയത്. രണ്ടുമാസത്തിനുള്ളിൽ 44,100 ഇടപാടുകളാണു കേന്ദ്രങ്ങൾ വഴി പൂർത്തിയാക്കിയത്.
താമസ കുടിയേറ്റ വകുപ്പിന്റെ ഓഫീസുകളിൽ പോകാതെ വിസ ഇടപാടുകൾ പൂർണമായി നടത്താനാകും എന്നതാണു അമർ സെന്ററുകളുടെ സവിശേഷത. പതിനഞ്ച് അമർ സെന്ററുകളാണ് ഇപ്പോൾ ദുബൈയിൽ പ്രവർത്തിക്കുന്നത്.
അമർ സെന്ററുകളുടെ കാര്യശേഷി വർദ്ധിപ്പിക്കാനും എണ്ണം അന്പതാക്കാനുമുള്ള നടപടികളും പരിഗണനയിലാണ്. ഒരോ അമർ കേന്ദ്രത്തിലും ദിവസം ആറായിരം ഇടപാട് എന്ന തരത്തിലേക്കാകും പ്രവർത്തനശേഷി വർദ്ധിപ്പിക്കുകയെന്ന് താമസ കുടിയേറ്റ വകുപ്പ് അറിയിച്ചു.
വിസ സേവനങ്ങൾക്കായി അറുനൂറോളം ടൈപ്പിംങ് സെന്ററുകളാണ് ദുബൈയിൽ പ്രവർത്തിച്ചിരുന്നത്.

