ജി.സി.സി രാജ്യങ്ങളുമായി ചേർന്നുള്ള സംയുക്ത ടൂറിസം പാക്കേജുകളുമായി ബഹ്‌റൈൻ
പ്രദീപ് പുറവങ്കര
മനാമ: ജി.സി.സി രാജ്യങ്ങളിലെ ടൂറിസം അതോറിറ്റികളുമായി സഹകരിച്ച് സംയുക്ത ടൂറിസം പാക്കേജുകളും പ്രൊമോഷനുകളും നടപ്പിലാക്കാൻ ബഹ്‌റൈൻ ഒരുങ്ങുന്നതായി ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻസ് അതോറിറ്റി (BTEA) സി.ഇ.ഓയും എക്‌സിബിഷൻ വേൾഡ് ബഹ്‌റൈൻ ചെയർമാനുമായ സാറ അഹമ്മദ് ബുഹിജി അറിയിച്ചു. ഗേറ്റ്‌വേ ഗൾഫ് 2026-ൽ വിനോദസഞ്ചാര, കായിക മേഖലകളിലെ അതിർത്തി കടന്നുള്ള സഹകരണത്തെക്കുറിച്ച് നടന്ന പാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അവർ. ഗൾഫ് മേഖലയെ പരസ്പരം മത്സരിക്കുന്ന രാജ്യങ്ങൾക്ക് പകരം, ഒന്നിനൊന്ന് പൂരകങ്ങളായ വിനോദസഞ്ചാര കേന്ദ്രങ്ങളായി ഉയർത്തിക്കാട്ടുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഏതാനും ദിവസങ്ങൾ ബഹ്‌റൈനിൽ ചെലവഴിച്ച ശേഷം മേഖലയിലെ മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ സാധിക്കുന്ന രീതിയിലാണ് സംയുക്ത പാക്കേജുകൾ ആസൂത്രണം ചെയ്യുന്നത്. 5,000 വർഷത്തെ സമ്പന്നമായ നഗരചരിത്രവും സംസ്കാരവും സമന്വയിക്കുന്ന ബഹ്‌റൈന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ സന്ദർശകർക്ക് കുറഞ്ഞ സമയം കൊണ്ട് കണ്ടുതീർക്കാൻ സാധിക്കും. പൈതൃകം, സംസ്‌കാരം, ബീച്ചുകൾ, തനത് ഭക്ഷണവിഭവങ്ങൾ എന്നിവയെല്ലാം ഒറ്റ യാത്രയിൽ തന്നെ അനുഭവിച്ചറിയാൻ അവസരമൊരുക്കുകയാണ് ലക്ഷ്യം.
വ്യാപാര ആവശ്യങ്ങൾക്കായി ബഹ്‌റൈനിലെത്തുന്ന സന്ദർശകരെ വിനോദസഞ്ചാര മേഖലയുമായി ബന്ധിപ്പിക്കുന്ന പ്രത്യേക പദ്ധതികളും പുരോഗമിക്കുകയാണ്. ബിസിനസ്സ് ആവശ്യങ്ങൾക്ക് ശേഷം അവർ കുടുംബത്തോടൊപ്പം വീണ്ടും ബഹ്‌റൈനിലേക്ക് മടങ്ങിയെത്തണമെന്നതാണ് ബി.ടി.ഇ.എ ആഗ്രഹിക്കുന്നത്. വിമാനത്താവളത്തിലെ സ്വീകരണം മുതൽ ഹോട്ടൽ ചെക്ക്-ഇൻ, ഭക്ഷണവിഭവങ്ങൾ, ബഹ്‌റൈനി ആതിഥ്യമര്യാദ എന്നിവയിലൂടെ ലഭിക്കുന്ന മികച്ച മാനുഷിക ബന്ധങ്ങളാണ് സന്ദർശകരുടെ മനസ്സിൽ എന്നെന്നും തങ്ങിനിൽക്കുന്നതെന്നും സാറ ബുഹിജി വ്യക്തമാക്കി.
#GCC #Bahrain #Tourism #4PMNews
efsdsds

