മനാമ ഡയലോഗ്, ഗേറ്റ്വേ ഗൾഫ് വിജയകരം; കിരീടാവകാശിയുടെ അധ്യക്ഷതയിൽ മന്ത്രിസഭാ യോഗം ചേർന്നു
പ്രദീപ് പുറവങ്കര
മനാമ: കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ അധ്യക്ഷതയിൽ ഗുദൈബിയ കൊട്ടാരത്തിൽ വാരാന്ത മന്ത്രിസഭാ യോഗം ചേർന്നു. 22-ാമത് ഐ.ഐ.എസ്.എസ് മനാമ ഡയലോഗ് 2026, നാലാമത് ഗേറ്റ്വേ ഗൾഫ് ഇൻവെസ്റ്റ്മെന്റ് ഫോറം 2026 എന്നിവയുടെ വിജയകരമായ സംഘാടനത്തിൽ രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ അൽ ഖലീഫയെ മന്ത്രിസഭ അഭിനന്ദിച്ചു. മനാമ ഡയലോഗിൽ പങ്കെടുത്ത ഗ്രീസ് പ്രധാനമന്ത്രി കിറിയാക്കോസ് മിത്സോതാക്കിസ്, ജപ്പാൻ പ്രധാനമന്ത്രി സനേ തകൈച്ചി എന്നിവർക്കും വിവിധ പ്രതിനിധി സംഘങ്ങൾക്കും യോഗം നന്ദി രേഖപ്പെടുത്തി. രണ്ടു പ്രമുഖ ഫോറങ്ങളുടെയും വിജയത്തിനായി പ്രവർത്തിച്ച വിദേശകാര്യ മന്ത്രാലയം, ബഹ്റൈൻ ഇക്കണോമിക് ഡെവലപ്മെന്റ് ബോർഡ് (ഇ.ഡി.ബി), മറ്റ് ബന്ധപ്പെട്ട സ്ഥാപനങ്ങൾ എന്നിവയുടെ പരിശ്രമങ്ങളെ മന്ത്രിസഭ പ്രത്യേകമായി പ്രശംസിച്ചു.
ഗേറ്റ്വേ ഗൾഫ് ഫോറത്തിലൂടെ 20 ബില്യൺ ഡോളറിലധികം മൂല്യമുള്ള 110-ലധികം പുതിയ സാമ്പത്തിക-നിക്ഷേപ പങ്കാളിത്തങ്ങളും തൊഴിലവസരങ്ങളും പ്രഖ്യാപിച്ചതിനെ മന്ത്രിസഭ സ്വാഗതം ചെയ്തു. കൂടാതെ 3.89 ബില്യൺ ഡോളറിന്റെ നാല് പുതിയ പദ്ധതികൾക്ക് ഗോൾഡൻ ലൈസൻസ് നൽകിയ നടപടിയെയും യോഗം അഭിനന്ദിച്ചു. ബഹ്റൈനി ഡോക്ടേഴ്സ് ഡേ പ്രമാണിച്ച് രാജ്യത്തെ എല്ലാ ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും ആശംസകൾ നേർന്ന മന്ത്രിസഭ, അലക്സോയുടെ (ALECSO) കീഴിലുള്ള ആർക്കിടെക്ചറൽ ആൻഡ് അർബൻ ഹെരിറ്റേജ് രജിസ്റ്ററിൽ ബാബ് അൽ ബഹ്റൈൻ, മനാമ മുനിസിപ്പാലിറ്റി കെട്ടിടം എന്നിവ ഉൾപ്പെടുത്തിയതിനെയും പ്രശംസിച്ചു.
വിവിധ വിഷയങ്ങളിൽ സുപ്രധാന തീരുമാനങ്ങളാണ് മന്ത്രിസഭാ യോഗം കൈക്കൊണ്ടത്. സർക്കാറിന്റെ സംഭരണം, പദ്ധതി നടത്തിപ്പ്, നിർമ്മാണ കരാറുകൾ എന്നിവ നിയന്ത്രിക്കുന്ന നിയമ ചട്ടക്കൂടിന് യോഗം അംഗീകാരം നൽകി. സോഷ്യൽ ഇൻഷുറൻസ് ഓർഗനൈസേഷനിൽ സ്വകാര്യ മേഖലയിലെ വേതനം അപ്ഡേറ്റ് ചെയ്യുന്നതിനുള്ള പുതിയ സംവിധാനം രൂപീകരിക്കാനും സോഷ്യൽ ഇൻഷുറൻസ് നിയമ ഭേദഗതി നടപ്പിലാക്കുന്നതിനുള്ള മൂന്ന് എക്സിക്യൂട്ടീവ് കരട് പ്രമേയങ്ങൾക്കും യോഗം അംഗീകാരം നൽകി. ജി.സി.സി റെയിൽ പദ്ധതി പൊതു കരാറിന് അംഗീകാരം നൽകുന്ന കരട് നിയമം, ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റിയും അന്താരാഷ്ട്ര കമ്പനികളും തമ്മിലുള്ള ധാരണാപത്രങ്ങൾ, പൊതു ആവശ്യങ്ങൾക്കായി വസ്തുക്കൾ ഏറ്റെടുക്കൽ എന്നിവയും മന്ത്രിസഭ അംഗീകരിച്ചു. കൂടാതെ കരഗതാഗത, ലോജിസ്റ്റിക് മേഖലകളിൽ ബഹ്റൈനും ഖത്തറും തമ്മിലുള്ള ഉഭയകക്ഷി സഹകരണ ധാരണാപത്രത്തിനും പാർലമെന്റ് സമർപ്പിച്ച നിർദ്ദേശങ്ങൾക്കുള്ള സർക്കാറിന്റെ മറുപടികൾക്കും മന്ത്രിസഭാ യോഗം അംഗീകാരം നൽകി.
#GCC #Bahrain #BahrainCabinet #4PMNews
dfsdsds
dsdsdssd

