ഫിംഗർപ്രിന്റ് കാർഡ് സർട്ടിഫിക്കറ്റ് സേവനങ്ങൾ പൂർണ്ണമായും ഡിജിറ്റലാക്കി ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം
പ്രദീപ് പുറവങ്കര
മനാമ: പൊതുസേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനായി ആഭ്യന്തര മന്ത്രാലയത്തിലെ ക്രിമിനൽ ഇൻഫർമേഷൻ ഡയറക്ടറേറ്റ് ഫിംഗർപ്രിന്റ് കാർഡ് സർട്ടിഫിക്കറ്റ് വിതരണ സേവനങ്ങൾ കൂടുതൽ ലളിതവും ഡിജിറ്റലുമാക്കി പരിഷ്കരിച്ചു. സേവനങ്ങൾ നൂറു ശതമാനം ഡിജിറ്റലാക്കിയതോടെ അപേക്ഷകർക്ക് സർവീസ് സെന്ററുകൾ നേരിട്ട് സന്ദർശിക്കാതെയും പേപ്പർ രേഖകൾ സമർപ്പിക്കാതെയും അപേക്ഷ പൂർത്തിയാക്കാൻ സാധിക്കും.
പുതിയ പരിഷ്കരണത്തിലൂടെ അപേക്ഷകൾ തീർപ്പാക്കാനുള്ള സമയം മൂന്ന് പ്രവൃത്തിദിനങ്ങളായി ചുരുക്കി. ആവശ്യമായ രേഖകളുടെ എണ്ണത്തിൽ 50 ശതമാനവും നടപടിക്രമങ്ങളിലെ അനുമതികളിൽ 25 ശതമാനവും കുറവ് വരുത്തിയിട്ടുണ്ട്. ഇതിനുപുറമെ ആപ്ലിക്കേഷൻ ഫോമുകൾ പൂർണ്ണമായും ഇലക്ട്രോണിക് ഫോമുകളാക്കി മാറ്റുകയും ഉപഭോക്തൃ സൗഹൃദ ഇന്റർഫേസ് ഉറപ്പാക്കുകയും ചെയ്തു.
ഡിജിറ്റൽ അധിഷ്ഠിതമായ ഇത്തരം നൂതന സംവിധാനങ്ങൾ പൊതുജനങ്ങൾക്ക് തടസ്സമില്ലാത്തതും എളുപ്പമുള്ളതുമായ സേവനം ഉറപ്പുനൽകുന്നുവെന്ന് ഹ്യൂമൻ റിസോഴ്സ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറിയും ഡെവലപ്മെന്റ് ആന്റ് പ്രൊസീജേഴ്സ് സ്റ്റാൻഡേർഡൈസേഷൻ ടീം തലവനുമായ മേജർ ജനറൽ ആദിൽ അമീൻ വ്യക്തമാക്കി. പൊതുസേവനങ്ങൾ പുനഃക്രമീകരിക്കുന്നതിന്റെ ഭാഗമായി ഇതുവരെ 1,300-ലധികം സർക്കാർ സേവനങ്ങൾ രേഖപ്പെടുത്തുകയും വിവർത്തനം ചെയ്ത് പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
adsdfsdsdsdfs

