വാറ്റ് മൂലം പ്രവാസികളുടെ ചെലവിൽ കാൽ ലക്ഷം രൂപയുടെ വർദ്ധന ഉണ്ടാകുമെന്ന് നികുതി വിദഗ്ദ്ധർ
അബുദാബി : യു.എ.ഇയും സൗദി അറേബ്യയും മൂല്യവർദ്ധിത നികുതി ഏർപ്പെടുത്തിയതോടെ പ്രവാസികളായ സാധാരണക്കാരുടെ ജീവിതച്ചെലവിൽ പ്രതിവർഷം കാൽ ലക്ഷം രൂപ മുതൽ മുപ്പത്തയ്യായിരം രൂപ വരെ വർദ്ധനവുണ്ടാകുമെന്ന് നികുതിവിദഗ്ദ്ധരുടെ കണക്ക്. നിത്യോപയോഗസാധനങ്ങളിൽ വാറ്റു മൂലമുണ്ടാകുന്ന വിലക്കയറ്റമാകും ശരാശരി പ്രവാസികളെ അലട്ടുക.
അടുത്ത വർഷം വാറ്റ് മുഖേനയുള്ള വരുമാനം ഇരട്ടിയാകുമെന്ന യു.എ.ഇ നൽകുന്ന സൂചനയിൽ നിന്നും പിന്നെയും പ്രവാസികളെ കാത്തിരിക്കുന്നത് ദുരിതപ്പേമാരിയാണ്. വാറ്റ് പ്രാബല്യത്തിലാകുന്നത് മുൻകൂട്ടി കണ്ട് രണ്ടും മൂന്നും മാസത്തേയ്ക്കുള്ള സാധനങ്ങൾ വാങ്ങികൂട്ടിയവരും ഏറെ. നവവത്സരത്തലേന്ന് മാളുകളിലും ഹൈപ്പർമാർക്കറ്റുകളിലും സൂപ്പർമാർക്കറ്റുകളിലും അവശ്യ സാധനങ്ങൾ മുൻകൂട്ടി സംഭരിച്ച് ചുരുങ്ങിയ കാലത്തേയ്‌ക്കെങ്കിലും വാറ്റിനെ തോൽപ്പിക്കാനെത്തിയ ഉപഭോക്താക്കളുടെ വലിയ തിരക്ക് കാണാമായിരുന്നു.
പുകയില ഉൽപ്പന്നങ്ങൾ, സിഗരറ്റ്, ചുരുട്ട്, ഊർജ്ജദായക പാനീയങ്ങൾ എന്നിവയ്ക്ക് നേരത്തേതന്നെ 50 മുതൽനൂറ് ശതമാനം വരെ എക്‌സൈസ് തീരുവ ചുമത്തിയിരുന്നുവെങ്കിലും ഇവയുടെ ഉപഭോഗം കുറഞ്ഞേക്കുമെന്ന കണക്കുകൂട്ടൽ തെറ്റിയെന്നാണ് വിപണിവൃത്തങ്ങളുടെ വെളിപ്പെടുത്തൽ.
വെള്ളം, വൈദ്യുതി, ടെലിഫോൺ മേഖലകളും വാറ്റിന്റെ പരിധിയിൽ വരുന്നതിനാൽ ദുരിതം പിന്നെയുമേറും. സാധാരണക്കാരായ പ്രവാസികൾ യു.എ.ഇയിൽ നിന്നും നാട്ടിലേയ്ക്ക് വിളിക്കാൻ ഉപയോഗിക്കുന്ന എത്തിസലാത്തിന്റെ ഫൈവ്കാർഡിന്റേയും ഡുവിന്റെ ഹലോകാർഡിന്റെയും നിരക്ക് വർദ്ധിച്ചതിനാൽ നാട്ടിലേയ്ക്കുള്ള പ്രവാസികളുടെ ഫോൺ വിളികളുടെ എണ്ണം കുറയുമെന്നാണ് കണക്കുകൂട്ടുന്നത്.

