ദുബൈയിൽ കാണാതായ മലയാളി യുവാവിനെ കണ്ടെത്തി
ദുബൈ : ദുബൈയിലെ ജോലി സ്ഥലത്തു നിന്ന് കാണാതായ 26 കാരനായ മലയാളി യുവാവിനെ കണ്ടെത്തി. സാമൂഹ്യ മാധ്യമങ്ങൾ പ്രയോജനപ്പെടുത്തിയാണ് കാരുണ്യ പ്രവർത്തകർ കാസർഗോഡ് നീലേശ്വരം സ്വദേശി രാഹുലിനെ കണ്ടെത്തിയത്. ക്ഷീണിതനായി തണുത്ത് വിറച്ച് ഒരു പാർക്കിൽ കഴിഞ്ഞുകൂടുകയായിരുന്നു യുവാവ്. ഭക്ഷണം പോലും കഴിക്കാതെ തളർന്ന രാഹുലിന്റെ വസ്ത്രങ്ങൾ തീർത്തും മുഷിഞ്ഞ നിലയിലായിരുന്നു.
പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശി ഉമർ ഫാറൂഖ് ആണ് രാഹുലിനെ കണ്ടെത്തിയത്. പാർക്കിലെത്തിയിട്ട് രണ്ട് ദിവസമായെന്നും ഭക്ഷണം കഴിക്കുകയോ കുളിക്കുകയോ ഒന്നും ചെയ്തിട്ടില്ലെന്നും രാഹുൽ പറഞ്ഞു. ഇതേ തുടർന്ന് ഉമർ അടക്കമുള്ളവർ ഇയാൾക്ക് ഭക്ഷണം നൽകി. നേരത്തെ പാർക്കിൽ കാണപ്പെട്ട യുവാവിന്റെ വീഡിയോ ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.
എന്നാൽ ഇതറിഞ്ഞ് പൊലീസ് എത്തുന്പോഴേക്കും രാഹുൽ അവിടം വിട്ടു. തുടർന്ന് ഉമർ, സിജു പന്തളം, പാർക്കിലെ സെക്യൂരിറ്റി ജീവനക്കാരൻ ഗംഗ എന്നിവർ ചേർന്ന് ബർഷ മേഖല കേന്ദ്രീകരിച്ച് തെരച്ചിൽ നടത്തി. അവിടെവെച്ചാണ് ഇയാളെ വീണ്ടും കണ്ടെത്തുന്നത്. അച്ഛൻ മരിച്ചപ്പോൾ രാഹുലിന് വീട്ടിൽ പോകാൻ സാധിച്ചിരുന്നില്ല. അച്ഛനുമായി ഏറെ അടുപ്പമുള്ള രാഹുലിൽ ഇത് കടുത്ത മനോവിഷമത്തിന് ഇടയാക്കി. ഇതേ തുടർന്നാണ് ഡിസംബർ 30ന് ജോലി സ്ഥലത്തു നിന്ന് പറയാതെ ഇറങ്ങിപ്പോയത്.

