കനത്ത മൂടൽമഞ്ഞ് : ഡ്രൈവർമാർക്ക് ജാഗ്രതാ നിർദ്ദേശം
അബുദാബി : ഗൾഫ് രാജ്യങ്ങളിൽ കനത്ത മൂടൽ മഞ്ഞ് തുടരുന്നു. മൂടൽ മഞ്ഞ് രൂക്ഷമായസ്ഥിതിക്ക് വാഹനാപകടങ്ങൾ വർദ്ധിക്കാൻ സാധ്യതയേറെയാണ്. അതുകൊണ്ടതന്നെ വാഹനമോടിക്കുന്ന ഡ്രൈവർമാർക്ക് അധികൃതർ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഈ കാലാവസ്ഥയിൽ റോഡ് സുരക്ഷാനിയമങ്ങൾ പാലിക്കാത്തവർക്ക് അബുദാബിയിൽ 500 ദിർഹം പിഴയും നാല് ബ്ലാക്ക് പോയന്റുകളും ലഭിക്കുമെന്നും പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കഴിഞ്ഞ രണ്ട് ദിവസങ്ങളായി മൂടൽമഞ്ഞ് രൂക്ഷമായതിനാൽ എമിറേറ്റിന്റെ ഉൾറോഡുകളിൽ പല ഭാഗങ്ങളിലും പ്രധാന റോഡുകളിലും ദൂരക്കാഴ്ച ഗണ്യമായി കുറഞ്ഞിരിക്കുകയാണെന്നാണ്് പോലീസ് മുന്നറിയിപ്പ് നൽകിയത്.
ഡ്രൈവർമാർ അതിശ്രദ്ധ പുലർത്തണമെന്നും അതിവേഗം പാടില്ലെന്നും വാഹനങ്ങൾക്കിടയിൽ സുരക്ഷിതമായ അകലം പാലിക്കണമെന്നും ഹെഡ്ലൈറ്റുകൾ പ്രവർത്തിപ്പിക്കണമെന്നും അധികൃതർ അറിയിച്ചു. ഹസാഡ് ലൈറ്റുകളിട്ട് വണ്ടി റോഡിൽ നിർത്തരുത്. മറിച്ച് സൂചനാബോർഡുകൾ കാണാത്തപക്ഷം വണ്ടി സുരക്ഷിതമായി റോഡരികിൽ പാർക്കുചെയ്യണമെന്നും പോലീസ് മുന്നറിയിപ്പ് നൽകുന്നുണ്ട്.
വാഹനമോടിക്കുന്പോൾ ഹസാഡ് ലൈറ്റുകൾ പ്രവർത്തിപ്പിക്കുന്നവർക്കും പിഴയടക്കമുള്ള ശിക്ഷ ബാധകമാണ്.

