മയക്കുമരുന്ന് വിൽപ്പന : 22 വെബ്‌സൈറ്റുകൾ പോലീസ് പൂട്ടിച്ചു
റാസ് അൽ ഖൈമ : വിദ്യാർത്ഥികൾക്കിടയിലും യുവാക്കൾക്കിടയിലും മയക്കുമരുന്ന് വിൽക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്ന 22 വെബ്‌സൈറ്റുകൾ റാസ് അൽ ഖൈമ പോലീസ് അടച്ചുപൂട്ടി. മയക്കുമരുന്നുകൾ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് സംശയം തോന്നി വെബ്‌സൈറ്റ് സ്ഥിരമായി നിരീക്ഷിക്കുകയായിരുന്ന പോലീസ് മയക്കുമരുന്നുകൾ കടത്തുന്നവരെ പിടിക്കൂടാൻ ഇത് സഹായകമാണെന്നും വ്യക്തമാക്കി.
വിവിധ തരത്തിലുള്ള മയക്കുമരുന്നുകൾ എങ്ങനെ ഉപയോഗിക്കണമെന്ന് വിശദീകരിക്കുന്ന അപകടകാരികളായ നിരവധി വെബ്‌സൈറ്റുകളെ കണ്ടെത്തിയതായി റാസ് അൽ ഖൈമ പോലീസിന്റെ ആന്റി നാർകോട്ടിക് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ജനറൽ കേണൽ അഡ്‌നാൻ അലി അൽ സാബി പറഞ്ഞു.
ഇത്തരത്തിലുള്ള നിയമവിരുദ്ധ വെബ്‌സൈറ്റുകൾ കണ്ടെത്തുന്നതിനായി പോലീസ് മയക്കുമരുന്ന് നിയന്ത്രണ വിഭാഗത്തിൽ ഇലട്രോണിക് പട്രോൾ ടീം രൂപീകരിച്ചതായും അദ്ദേഹം വ്യക്തമാക്കി.
ഓൺലൈൻ ചാറ്റുകളിലുടെയും സോഷ്യൽ മീഡിയാളിലുടെയും മയക്കുമരുന്ന് പ്രോത്സാഹിപ്പിക്കുന്നവർക്കെതിരെ ജാഗ്രത പുലർത്താൻ മാതാപിതാക്കൾക്ക് പോലീസ് മുന്നറിയിപ്പ് നൽകുകയും ചെയ്തു.

