ദുബൈ അന്താരാഷ്ട്ര വിമാനത്താവളം വഴി ഈ വർഷം യാത്ര ചെയ്തത് 4.3 കോടി പേർ
ദുബൈ : ദുബൈ അന്താരാഷ്ട്ര വിമാനത്താവളം വഴി ഈ വർഷം ഇതുവരെ യാത്ര ചെയ്തത് 4.3 കോടി ആളുകൾ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തിൽ ആറ് ശതമാനത്തിന്റെ വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്.
ഏകദേശം 2,05,996 വിമാന സർവ്വീസുകളിലായി മൊത്തം 4,30,54,268 യാത്രക്കാരാണ് ഈ വർഷം ഇതുവരെ ദുബൈ അന്താരാഷ്ട്ര വിമാനവളത്തിലെത്തിയത്.
യാത്രക്കാരുടെ എണ്ണത്തിൽ രേഖപ്പെടുത്തിയ വർദ്ധന സന്തോഷം നൽകുന്നുവെന്നും മെച്ചപ്പെട്ട സേവനങ്ങളും വേറിട്ട യാത്രാനുഭവങ്ങളും ഒരുക്കി വിമാനത്താവളത്തിന്റെ മികവ് പ്രകടിപ്പിക്കുന്നത് തുടരുമെന്നും ദുബൈ അന്താരാഷ്ട്ര വിമാനത്താവളം സി.ഇ.ഒ. പോൾ ഗ്രിഫിത് പറഞ്ഞു.
യാത്രക്കാരുടെ എണ്ണത്തിൽ ഇന്ത്യക്കാരാണ് മുന്നിൽ. 59,43,359 പേരാണ് ഇന്ത്യയിലേക്കും തിരിച്ചും ദുബൈ വഴി യാത്ര ചെയ്തത്. സൗദി അറേബ്യ (31,08,492), യു.കെ. (30,64,172), പാകിസ്ഥാൻ (22,07,497) യു.എസ് (15,61,559) എന്നീ രാജ്യങ്ങളാണ് യാത്രക്കാരുടെ എണ്ണത്തിൽ ഇന്ത്യക്ക് പിന്നിൽ.

