നയതന്ത്ര പതിസന്ധി പരിഹരിക്കാന്‍ ഖത്തര്‍ സന്നദ്ധത പ്രകടിപ്പിച്ചതായി കുവൈത്ത് വിദേശകാര്യ മന്ത്രി


കുവൈത്ത് സിറ്റി : നയതന്ത്ര പതിസന്ധി പരിഹരിക്കാന്‍ ഖത്തര്‍ സന്നദ്ധത പ്രകടിപ്പിച്ചതായി കുവൈത്ത് വിദേശകാര്യ മന്ത്രി. സൗദി, യുഎഇ, ബഹറൈന്‍ മുതലായ രാജ്യങ്ങളും ഖത്തറും തമ്മില്‍ നില നില്‍ക്കുന്ന നയതന്ത്ര പ്രതിസന്ധി 6 ദിവസം പിന്നിട്ടതോടെയാണു പ്രശ്‌നം പരിഹരിക്കുന്നതിനു ചര്‍ച്ചകള്‍ നടത്താന്‍ ഖത്തര്‍ സന്നദ്ധത പ്രകടിപ്പിച്ചത്.

പ്രശ്‌ന പരിഹാരത്തിനു കുവൈത്ത് അമീറിന്റെ നേതൃത്വത്തിലാണു മധ്യസ്ഥ ശ്രമങ്ങള്‍ നടക്കുന്നത്. പ്രശ്‌നത്തിന്റെ യാഥാര്‍ത്ഥ്യം എന്തെന്നറിയുന്നതിനും മേഖലയിലെ സുരക്ഷയും സ്ഥിരതയും നില നിര്‍ത്തുന്നതിനുള്ള മഹത്തായ ലക്ഷ്യം കണക്കിലെടുത്ത് വിഷയത്തില്‍ ചര്‍ച്ച നടത്താന്‍ ഖത്തർ സന്നദ്ധത പ്രകടിച്ചുവെന്നാണു കുവൈത്ത് വിദേശ കാര്യ മന്ത്രി പ്രസ്ഥാവിച്ചിരിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളുടെ ചട്ടകൂട്ടില്‍ നിന്നു കൊണ്ട് പ്രശ്‌നം പരിഹരിക്കുവാനുള്ള അനിവാര്യതക്ക് കുവൈത്ത് ഊന്നല്‍ നല്‍കുന്നതായും വിദേശകാര്യ മന്ത്രി അറിയിച്ചു.

വിഷയത്തില്‍ കുവൈത്ത് സ്വീകരിച്ചു വരുന്ന മധ്യസ്ഥ ശ്രമങ്ങള്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കുന്നു എന്ന് ആരോപിച്ചു കൊണ്ട് കഴിഞ്ഞ ആഴ്ചയാണു സൗദി, യുഎഇ, ബഹറൈന്‍ എന്നീ ഗള്‍ഫ് രാഷ്ട്രങ്ങളും ഈജിപ്റ്റ് ഉള്‍പ്പെടെയുള്ള ഗള്‍ഫ് ഇതര രാഷ്ട്രങ്ങളും ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചത്.

വിഷയത്തില്‍ നിഷ്പക്ഷത പുലര്‍ത്തുന്ന കുവൈത്തിന്റെ നേതൃത്വത്തിലാണു മധ്യസ്ഥ ശ്രമങ്ങള്‍ നടന്നു വരുന്നത്. ഇതിന്റെ ഭാഗമായി കുവൈത്ത് അമീര്‍ സബാഹ് അല്‍ അഹമ്മദ് അല്‍ സബാഹ് സൗദി, യുഎഇ രാജ്യങ്ങള്‍ സന്ദര്‍ശ്ശിച്ച ശേഷം ഖത്തര്‍ അമീര്‍ തമീം ബിന്‍ ഹമ്മദ് അല്‍ താനിയുമായും ചര്‍ച്ച നടത്തിയിരുന്നു. അറബ് ലീഗ് സമ്മേളനത്തിലെ ധാരണകള്‍ പ്രകാരം ഉടന്‍ തന്നെ ജി.സി.സി.യോഗം ചേരാനും സാധ്യതയുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed