ഉപരാഷ്ട്രപതി ഡോ. ഹമീദ് അന്‍സാരി ഇന്ന് തിരുവനന്തപുരത്ത്
തിരുവനന്തപുരം : ഉപരാഷ്ട്രപതി ഡോ. ഹമീദ് അന്‍സാരി ഇന്ന് തിരുവനന്തപുരത്തെത്തും. കേരളത്തെ അംഗപരിമിത സൗഹൃദ സംസ്ഥാനമാക്കാൻ സർക്കാർ പ്രഖ്യാപിച്ച പരിപാടിയായ അനുയാത്രയുടെ ഉദ്ഘാടനം വൈകിട്ട് 3.30 ന് തിരുവനന്തപുരം വഴുതക്കാട് ടാഗോർ ഹാളിൽ ഉപരാഷ്ട്രപതി നിർവഹിക്കും.
ഗവർണർ പി. സദാശിവം മുഖ്യമന്ത്രി പിണറായി വിജയൻ, ആരോഗ്യമന്ത്രി കെ. കെ. ഷൈലജ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. സാമൂഹികനീതി വകുപ്പും സാമൂഹികസുരക്ഷാമിഷനും സംയുക്തമായി വിവിധ വകുപ്പുകളുടെ സഹായത്തോടെയാണ് അനുയാത്ര ക്യാമ്പയ്ന് നടപ്പാക്കുന്നത്.
മജീഷ്യൻ ഗോപിനാഥ് മുതുകാടിന് കീഴില്‍ മാജിക് അഭ്യസിച്ച ഭിന്നശേഷിക്കാരായ കുട്ടികൾ ഉപരാഷ്ട്രപതിക്ക് മുന്നിൽ തങ്ങളുടെ മാജിക്ക് അവതരിപ്പിക്കും. ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിലെ ദ അക്കാദമി ഓഫ് മാജിക്കല്‍ സയന്‍സസില്‍ ‘എംപവര്‍’ എന്ന് നാമകരണം ചെയ്ത പരിപാടിയിലൂടെ ഫെബ്രുവരി ഏഴുമുതല്‍ പരിശീലനം നേടിവന്നവരാണ് കുട്ടികള്‍. ഇവരെ അനുയാത്രയുടെ അംബാസഡര്‍മാരായി പ്രഖ്യാപിക്കുന്ന ചടങ്ങും ഇതോടൊപ്പം നടക്കും. വൈകിട്ട് അഞ്ചുമണിയോടെ ഉപരാഷ്ട്രപതി ദില്ലിയിലേയ്ക്ക് മടങ്ങും.

