പണമിടപാട് സ്ഥാപനത്തിൽ കവർച്ചാ ശ്രമം: പ്രതിയുടെ 5 വർഷത്തെ തടവുശിക്ഷ ശരിവെച്ച് ബഹ്‌റൈൻ കോടതി


പ്രദീപ് പുറവങ്കര

മനാമ: കത്തികാട്ടി മണി എക്‌സ്‌ചേഞ്ച് സ്ഥാപനം കൊള്ളയടിക്കാൻ ശ്രമിച്ച കേസിൽ ഏഷ്യൻ വംശജന് വിചാരണക്കോടതി വിധിച്ച അഞ്ച് വർഷത്തെ തടവുശിക്ഷ അഞ്ചാം ഹൈ ക്രിമിനൽ അപ്പീൽ കോടതി ശരിവെച്ചു. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം പ്രതിയെ ബഹ്‌റൈനിൽ നിന്ന് നാടുകടത്താനും കുറ്റകൃത്യത്തിന് ഉപയോഗിച്ച വസ്തുക്കൾ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.

2026 ഏപ്രിൽ 28-നായിരുന്നു സംഭവം. പരസ്യ ഏജൻസി പ്രതിനിധിയായി ജോലി ചെയ്തിരുന്ന പ്രതി, കറുത്ത ഫേസ് മാസ്‌ക് ധരിച്ച് സ്ഥാപനത്തിലേക്ക് പ്രവേശിക്കുകയും പാകിസ്താനി കറൻസിയുടെ വിനിമയ നിരക്ക് അന്വേഷിക്കുകയും ചെയ്തു. സംശയം തോന്നിയ വനിതാ ജീവനക്കാരി തിരിച്ചറിയൽ രേഖ ആവശ്യപ്പെടുകയും മാസ്‌ക് മാറ്റാൻ പറയുകയും ചെയ്തതോടെ ഇയാൾ കത്തി പുറത്തെടുത്ത് ഭീഷണിപ്പെടുത്തുകയായിരുന്നു.

വനിതാ ജീവനക്കാരി ഉടൻ തന്നെ മറ്റ് സഹപ്രവർത്തകനെ വിവരമറിയിച്ചു. ഇയാൾ മുറിക്കുള്ളിലേക്ക് കടന്ന് വാതിൽ പൂട്ടി പ്രതിയെ തടയാൻ ശ്രമിച്ചു. അതിനിടെ ജീവനക്കാർ അലാറം മുഴക്കിയതോടെ കവർച്ചാ ശ്രമം പരാജയപ്പെടുകയും പ്രതി സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുകയുമായിരുന്നു.

സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പരിശോധന വേളയിൽ ദൃശ്യങ്ങളിലുണ്ടായിരുന്ന അതേ വസ്ത്രങ്ങൾ ധരിച്ച നിലയിലാണ് ഇയാളെ വസതിയിൽ നിന്ന് സുരക്ഷാസേന അറസ്റ്റ് ചെയ്തത്.

article-image

aa

You might also like

  • Lulu Exchange
  • Straight Forward

Most Viewed