വിദേശത്തുള്ള പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശവുമായി ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം
പ്രദീപ് പുറവങ്കര / ബഹ്റൈൻ
മനാമ: പശ്ചിമേഷ്യയിൽ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ, വിദേശ രാജ്യങ്ങളിൽ കഴിയുന്ന ബഹ്‌റൈൻ പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം നിർദ്ദേശിച്ചു. നിലവിലെ അസാധാരണ സാഹചര്യം കണക്കിലെടുത്ത്, താമസിക്കുന്ന രാജ്യങ്ങളിലെ പ്രാദേശിക അധികൃതർ നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും കർശനമായി പാലിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.
വിദേശത്തുള്ള ബഹ്‌റൈൻ എംബസികളിലൂടെ പുറത്തിറക്കിയ അറിയിപ്പിൽ, പൗരന്മാർ അതാത് രാജ്യങ്ങളിലെ ഡിപ്ലോമാറ്റിക് മിഷനുകളുമായി നേരിട്ട് ബന്ധം പുലർത്തേണ്ടതിന്റെ പ്രാധാന്യം മന്ത്രാലയം ഊന്നിപ്പറഞ്ഞു. എന്തെങ്കിലും അടിയന്തര സാഹചര്യമോ സഹായമോ ആവശ്യമുണ്ടെങ്കിൽ എംബസികളും കോൺസുലേറ്റുകളും നിശ്ചയിച്ചിട്ടുള്ള എമർജൻസി നമ്പറുകളിലോ, വിദേശകാര്യ മന്ത്രാലയത്തിന്റെ 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൺടാക്റ്റ് സെന്ററിലോ ബന്ധപ്പെടണം.
സംഘർഷം ബാധിച്ച രാജ്യങ്ങളിലെ ബഹ്‌റൈൻ എംബസികൾ ഇതിനോടകം തന്നെ തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി അടിയന്തര കോൺടാക്റ്റ് നമ്പറുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പൗരന്മാർക്ക് ആവശ്യമായ പിന്തുണ വേഗത്തിൽ ഉറപ്പാക്കുന്നതിനായി പ്രത്യേക കമ്മ്യൂണിക്കേഷൻ ചാനലുകളും സജീവമാക്കി.
വിദേശത്തുള്ള സ്വന്തം പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് മന്ത്രാലയം ഈ മുൻകരുതൽ നടപടികൾ സ്വീകരിച്ചിരിക്കുന്നത്. ഏത് സാഹചര്യത്തിലും പൗരന്മാരുമായി ആശയവിനിമയം നടത്താനും അവരുടെ ക്ഷേമം അന്വേഷിക്കാനും മന്ത്രാലയം സജ്ജമാണെന്നും അധികൃതർ വ്യക്തമാക്കി.
qddswdswdes


