ബഹ്റൈനിൽ വ്യാജ രേഖകൾ പ്രചരിപ്പിച്ച് തട്ടിപ്പ്: ജാഗ്രത പാലിക്കാൻ ആന്റി കറപ്ഷൻ ഡയറക്ടറേറ്റ് മുന്നറിയിപ്പ്
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ഔദ്യോഗിക സുരക്ഷാ ഏജൻസികളുടേതെന്ന വ്യാജേന ഇന്റർനെറ്റിലൂടെ പ്രചരിക്കുന്ന രേഖകൾക്കെതിരെ പൗരന്മാരും താമസക്കാരും ജാഗ്രത പാലിക്കണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷൻ ആൻഡ് ഇക്കണോമിക് ആൻഡ് ഇലക്ട്രോണിക് സെക്യൂരിറ്റി മുന്നറിയിപ്പ് നൽകി.
സമൂഹമാധ്യമങ്ങൾ വഴി പ്രചരിക്കുന്ന ഈ വ്യാജ രേഖയിൽ, വ്യക്തികളുടെ "ഇലക്ട്രോണിക് പ്രവർത്തനങ്ങൾ" (Electronic Activity) ചൂണ്ടിക്കാട്ടി നിയമനടപടി സ്വീകരിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന രീതിയിലാണ് ഉള്ളടക്കം തയ്യാറാക്കിയിരിക്കുന്നത്. ഔദ്യോഗിക ഫോർമാറ്റിൽ നിർമ്മിച്ചിരിക്കുന്ന ഈ രേഖ പൂർണ്ണമായും വ്യാജമാണെന്നും ഇതിന് സർക്കാർ സംവിധാനങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നും അധികൃതർ വ്യക്തമാക്കി.
ജനങ്ങളിൽ ഭീതി പരത്തി അവരെക്കൊണ്ട് തട്ടിപ്പുകാരുമായി ബന്ധപ്പെടാനോ പണം കൈമാറാനോ പ്രേരിപ്പിക്കാനാണ് ഇത്തരം വ്യാജ സന്ദേശങ്ങളിലൂടെ ലക്ഷ്യമിടുന്നത്. ഇത്തരം സന്ദേശങ്ങളോട് യാതൊരു കാരണവശാലും പ്രതികരിക്കരുതെന്നും അതിൽ നൽകിയിട്ടുള്ള ലിങ്കുകളിലോ ഫോൺ നമ്പറുകളിലോ ഇമെയിൽ വിലാസങ്ങളിലോ ബന്ധപ്പെടരുതെന്നും ഡയറക്ടറേറ്റ് കർശന നിർദ്ദേശം നൽകി.
വ്യക്തിഗത വിവരങ്ങളോ സാമ്പത്തിക വിവരങ്ങളോ അപരിചിതർക്ക് കൈമാറരുത്. ഉപയോക്താക്കളെ കബളിപ്പിച്ച് പണമോ തന്ത്രപ്രധാനമായ വിവരങ്ങളോ തട്ടിയെടുക്കാനാണ് ഇത്തരം സംഘങ്ങൾ ശ്രമിക്കുന്നത്. സംശയകരമായ സന്ദേശങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ഔദ്യോഗിക ചാനലുകൾ വഴി റിപ്പോർട്ട് ചെയ്യണമെന്നും സൈബർ സുരക്ഷ ഉറപ്പാക്കാൻ പൊതുജനങ്ങളുടെ സഹകരണം ആവശ്യമാണെന്നും അധികൃതർ അറിയിച്ചു.
sdfsdf


