വ്യാജ വാർത്തകൾക്ക് തടയിടാൻ കമ്യൂണിറ്റി റിപ്പോർട്ടിങ് പ്ലാറ്റ്‌ഫോം ആരംഭിക്കുമെന്ന് യു.എ.ഇ മീഡിയ കൗൺസിൽ


ശാരിക

ദുബൈ: വ്യാജ വാർത്തകൾ, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ, അനൗപചാരിക ഡിജിറ്റൽ ഉള്ളടക്കം എന്നിവ റിപ്പോർട്ട് ചെയ്യാൻ താമസക്കാരെ സഹായിക്കുന്ന ഒരു സമഗ്ര കമ്യൂണിറ്റി റിപ്പോർട്ടിങ് പ്ലാറ്റ്‌ഫോം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച് യു.എ.ഇ മീഡിയ കൗൺസിൽ. സുരക്ഷിതവും വിശ്വസനീയവുമായ മാധ്യമ അന്തരീക്ഷം വളർത്തിയെടുക്കാനുള്ള യു.എ.ഇയുടെ നയത്തിന്റെ ഭാഗമായാണ് ഈ നീക്കം. സാമൂഹിക ജാഗ്രതയും നിർമിതബുദ്ധി അടിസ്ഥാനമാക്കിയുള്ള മേൽനോട്ടവും സംയോജിപ്പിച്ച്, പൊതു അവബോധവും മാധ്യമ സാക്ഷരതയും ശക്തിപ്പെടുത്തുന്നതിനൊപ്പം വ്യാജ വാർത്തകളുടെ വ്യാപനം തടയുക എന്നതാണ് മീഡിയ കൗൺസിൽ ലക്ഷ്യമിടുന്നത്.

വ്യാഴാഴ്ച നടന്ന വാർത്തസമ്മേളനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മാധ്യമ മേഖലയെ നിയന്ത്രിക്കുന്നതിനും ശാക്തീകരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി യു.എ.ഇ മീഡിയ കൗൺസിൽ ഒരു സംയോജിത സംവിധാനം ആരംഭിച്ചതായി അധികൃതർ വെളിപ്പെടുത്തി. നിർദിഷ്ട നിയന്ത്രണങ്ങൾക്കും വ്യവസ്ഥകൾക്കും കീഴിൽ വ്യക്തികൾക്ക് മാധ്യമ സ്ഥാപനങ്ങളും ഔട്ട്‌ലെറ്റുകളും ആരംഭിക്കാൻ അനുവാദമുണ്ടാകുമെന്നതാണ് പ്രധാന വ്യവസ്ഥകളിൽ ഒന്ന്.

രാജ്യത്ത് പ്രചരിപ്പിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുന്ന മാധ്യമ ഉള്ളടക്കത്തിന് 20 പുതിയ മാനദണ്ഡങ്ങൾ നിർദേശിക്കുന്നുമുണ്ട്. തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കം തടയുക, ഉള്ളടക്കവും പരസ്യവും തമ്മിലുള്ള ആശയക്കുഴപ്പം ഇല്ലാതാക്കുക, പരസ്യ സന്ദേശങ്ങൾ വ്യക്തമായിരിക്കുക, ആരോഗ്യം പോലുള്ള മേഖലകളിലെ അനധികൃത ഉള്ളടക്കം തടയുക എന്നിവ പുതിയ നിയമത്തിൽ ഉൾപ്പെടും. നിയമലംഘകർക്ക് മുന്നറിയിപ്പ് നൽകാനും 10 ലക്ഷം ദിർഹം വരെ പിഴ ചുമത്താനും സാധിക്കും.

ആവർത്തിച്ചുള്ള ലംഘനങ്ങൾ ഉണ്ടായാൽ ഈ പിഴ 20 ലക്ഷം ദിർഹമായി ഇരട്ടിയാക്കും. വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ മാധ്യമ സ്ഥാപനങ്ങൾക്കോ നൽകിയ ലൈസൻസുകൾ, പെർമിറ്റുകൾ, അംഗീകാരങ്ങൾ എന്നിവ റദ്ദാക്കലും നടപടിയായി എടുത്തേക്കാം. പ്രാദേശിക ഉള്ളടക്കത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി കൗൺസിൽ ഒരു സംവിധാനവും പ്രഖ്യാപിച്ചിട്ടുണ്ട്. മാധ്യമ മേഖലയിലെ മാറ്റങ്ങളും പരിവർത്തനങ്ങളും കണക്കിലെടുത്ത്, ഒരു ആധുനിക നിയമനിർമാണ, നിക്ഷേപ മാധ്യമ അന്തരീക്ഷം വികസിപ്പിക്കുക എന്നതാണ് പുതിയ നിയന്ത്രണ ചട്ടക്കൂടിന്റെ ലക്ഷ്യം.

യു.എ.ഇ മീഡിയ കൗൺസിൽ സെക്രട്ടറി ജനറൽ മുഹമ്മദ് സഈദ് അൽ ഷെഹി, യു.എ.ഇ മീഡിയ കൗൺസിലിലെ സ്ട്രാറ്റജി ആൻഡ് മീഡിയ പോളിസീസ് സെക്ടർ സി.ഇ.ഒ മൈഥ അൽ സുവൈദി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

article-image

hkhkl

You might also like

Most Viewed