‘രാഹുലിന് വേണ്ടി കഴിവുള്ളവരെ ബോധപൂർവം അവഗണിക്കുന്നു’; പൊട്ടിത്തെറിച്ച് വെങ്കിടേഷ് പ്രസാദ്

ഇന്ത്യൻ ടീം മാനേജ്‌മെന്റിനെതിരെയും ഓപ്പണർ കെ.എൽ രാഹുലിനെതിരെയും പൊട്ടിത്തെറിച്ച് മുൻ ഫാസ്റ്റ് ബൗളർ വെങ്കിടേഷ് പ്രസാദ്. മോശം ഫോമിൽ തുടരുന്ന രാഹുലിന് ‘അനന്തമായ അവസരങ്ങൾ’ നൽകുന്നത്, കഴിവുള്ള കളിക്കാരെ ബോധപൂർവം അവഗണിക്കുന്നതിന് തുല്യമാണെന്ന് വെങ്കിടേഷ് പ്രസാദ് വിമർശിച്ചു.
‘കെ.എൽ രാഹുലിന്റെ കഴിവിൽ എനിക്ക് ബഹുമാനമുണ്ട്, പക്ഷേ സങ്കടകരമെന്നു പറയട്ടെ, അദ്ദേഹത്തിന്റെ കഴിഞ്ഞ ഏതാനം പ്രകടനങ്ങൾ വളരെ മോശമാണ്. 46 ടെസ്റ്റുകൾക്ക് ശേഷവും 34 ശരാശരിയുള്ള ഒരു താരത്തിന് ഇത്രയധികം അവസരങ്ങൾ ലഭിച്ചതിനെ കുറിച്ച് ചിന്തിക്കാൻ കഴിയില്ല. ഇന്ത്യൻ ക്രിക്കറ്റിന്റെ കഴിഞ്ഞ രണ്ട് ദശകങ്ങളിൽ ഇത്രയും കുറഞ്ഞ ശരാശരിയിൽ മറ്റൊരു മുൻനിര ബാറ്റ്‌സ്മാനും കളിച്ചിട്ടില്ല.’-
വീണ്ടും വീണ്ടും രാഹുലിനെ ഉൾപ്പെടുത്തി കഴിവുള്ള മറ്റ് കളിക്കാരെ ബോധപൂർവം നിഷേധിക്കുകയാണ്. കെ.എൽ രാഹുലിനൊപ്പം മാനേജ്‌മെന്റ് നിലകൊള്ളുമ്പോൾ, മായങ്ക് അഗർവാൾ, ശുഭ്മാൻ ഗിൽ, ശിഖർ ധവാൻ, സർഫറാസ് ഖാൻ തുടങ്ങിയ കളിക്കാർ സൈഡ്‌ലൈനിൽ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രാഹുലിന്റെ സ്ഥിരതയുള്ള ഉൾപ്പെടുത്തൽ ഇന്ത്യയിൽ ബാറ്റിംഗ് പ്രതിഭകളുടെ അഭാവത്തിന്റെ പ്രതീതി ഉണർത്തുന്നു. ഇന്ത്യൻ നിരയിൽ ലഭ്യമായ ഏറ്റവും മികച്ച 10 ഓപ്പണർമാരിൽ ഒരാളായി അദ്ദേഹത്തെ കാണുന്നില്ലെന്നും വെങ്കിടേഷ് പ്രസാദ് കൂട്ടിച്ചേർത്തു.
നിലവിൽ ബോർഡർ-ഗവാസ്‌കർ ട്രോഫിക്കുള്ള ഇന്ത്യൻ ടീമിന്റെ ഭാഗമാണ് കെ.എൽ രാഹുൽ. ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിൽ താരം പൂർണ പരാജയമായി മാറി. രണ്ട് ഇന്നിംഗ്‌സുകളിലായി 18.50 ശരാശരിയിൽ 37 റൺസാണ് നേടാനായത്. തുടർന്ന് അതിരൂക്ഷ വിമർശനമാണ് രാഹുലിനെതിരെ ഉയർന്നത്. ഇതിൽ ഏറ്റവും അവസാനത്തെയാണ് വെങ്കിടേഷ് പ്രസാദിൻ്റെ വിമർശനം.
a