ബ്ലാസ്റ്റേഴ്സിന് വൻ തിരിച്ചടി, മോഹൻ ബഗാനെതിരെ സഹൽ അബ്ദുൾ സമദ് കളിക്കില്ല

ഐ.എസ്.എല്ലിൽ പ്ലേ ഓഫ് ഉറപ്പിച്ച കേരള ബ്ലാസ്റ്റേഴ്സിന് വമ്പൻ തിരിച്ചടി. എ.ടി.കെ മോഹൻ ബഗാനെതിരെ ഇന്ന് നടക്കാനിരിക്കുന്ന മത്സരത്തിൽ മലയാളി സൂപ്പർ താരം സഹൽ അബ്ദുൾ സമദ് കളിക്കില്ല. പരുക്ക് മൂലം സഹൽ കളിക്കാനുണ്ടാകില്ലെന്ന വിവരം സ്പോർട്സ് ജേണലിസ്റ്റായ മാർക്കസ് മെർഗുലാവോയാണ് അറിയിച്ചത്.
ഇന്നത്തെ മത്സരത്തിനായി സഹൽ കൊൽക്കത്തയിലേക്ക് എത്തിയിട്ടില്ലെന്നും കൊച്ചിയിൽ തുടരുകയാണെന്നുമാണ് റിപ്പോർട്ട്. പരുക്ക് ഗുരുതരമല്ലെന്നാണ് സൂചന. അടുത്ത മത്സരത്തിൽ താരം ടീമിലേക്ക് തിരിച്ചെത്തുമെന്നും മാർക്കസ് മെർഗുലാവോ റിപ്പോർട്ട് ചെയ്യുന്നു. 18 മത്സരങ്ങളിലായി മൊത്തം 1201 മിനുറ്റുകൾ പന്തുതട്ടിയ സഹൽ മൂന്ന് ഗോളുകൾ നേടിയതിനൊപ്പം, 2 ഗോളുകൾക്ക് വഴിയും ഒരുക്കി.
a