ലോകകപ്പ് ഫൈനലിൽ ഹാട്രിക്; ഫ്രാൻസിന്‍റെ പ്രിയ പുത്രൻ എംബാപ്പെയ്ക്ക് സുവർണപാദുകം

സുവർണപാദുകം സ്വന്തമാക്കി ഫ്രാൻസിന്റെ കിലിയൻ എംബാപ്പെ. 97 സെക്കൻഡ്. കൈപ്പിടിയിലൊതുക്കിയെന്ന് അർജന്‍റീന കരുതിയ ലോക കിരീടം തട്ടിയെടുത്ത് മത്സരം ഷൂട്ട്ഔട്ട് വരെ നീളുന്ന പോരാട്ടമാക്കി മാറ്റാൻ കിലിയൻ എംബാപ്പെയ്ക്ക് വേണ്ടി വന്ന സമയമാണിത്. മത്സരം ആരംഭിച്ച് 78ആം മിനിറ്റ് വരെ അർജന്‍റീനിയൻ പത്മവ്യൂഹത്തിൽ അകപ്പെട്ട എംബാപ്പെയ്ക്ക് തന്‍റെ പ്രതിഭ തെളിയിക്കുന്ന രണ്ട് ഗോളുകൾ കുറിക്കാൻ മൂന്ന് മിനിറ്റ് മാത്രമാണ് വേണ്ടിവന്നത്. ഫൈനലിലെ മൂന്നാം ഗോളുകൾ ഉൾപ്പെടെ എട്ട് ഗോളുകളുമായാണ് എൺബാപ്പെ സുവർണ പാദുകം സ്വന്തമാക്കിയത്. ജനഹൃദയങ്ങളിൽ തളരാത്ത പോരാട്ടവീര്യത്തിന്‍റെ കനൽ നിറച്ചാണ് താരം ഖത്തറിൽ നിന്ന് മടങ്ങുന്നത്. റഷ്യയിലെ ലുഷ്കിനി സ്റ്റേഡിയത്തിൽ മുത്തമിട്ട വിശ്വകിരീടം ലുസെയ്‌ലിൽ വിട്ടുകൊടുക്കില്ലെന്ന് പ്രഖ്യാപിച്ച നിമിഷങ്ങളായിരുന്നു അത്. കിംഗ്സ്ലി കോമൻ നേടിത്തന്ന പെനൽറ്റി സമ്മർദമേതുമില്ലാതെ മാർട്ടീനസിന്‍റെ വലയിൽ നിക്ഷേപിച്ച എംബാപ്പെ പന്തുമായി മധ്യവരയിലേക്ക് കുതിച്ചത് തനിക്ക് ലോകം കീഴടക്കാൻ സമയം കുറവാണ് എന്ന ചിന്തയോടെയാണ്.
മധ്യവരയ്ക്ക് സമീപം വലത് പാർശ്വത്തിൽ പന്തുമായി മുന്നേറാൻ ശ്രമിച്ച ലയണൽ മെസിയെ കിടിലിൻ ഡ്രിബ്ലിംഗിലൂടെ നിഷ്പ്രഭനാക്കിയ കോമൻ, പന്ത് ഡി ബോക്സിന് മുന്നിൽ നിന്ന് നിലയുറപ്പിച്ച കോപെമാനെയ്ക്ക് നൽകി. തൂവൽസ്പർശം പോലുള്ള തലോടലിലൂടെ വലത്തേക്ക് പന്ത് നൽകിയ കോപെമാനെ, എംബാപ്പെയുടെ ഹാഫ് വോളി ഫ്രാൻസിന്‍റെ രണ്ടാം ഗോളായി പരിണമിക്കുന്നത് കണ്ട് നിർവൃതിയടഞ്ഞു.
ലയണൽ മെസിയുടെ ഗോളിൽ 105ആം മിനിറ്റിൽ വീണ്ടും മുന്നിലെത്തിയ അർജന്‍റീനയെ തളയ്ക്കാൻ എംബാപ്പെയ്ക്ക് ഹാട്രിക് നേട്ടക്കാരന്‍റെ കുപ്പായം അണിയേണ്ടി വന്നു. മൊണ്ടിയേൽ സമ്മാനിച്ച സ്പോട്ട് കിക്ക് മാർട്ടീനസിന്‍റെയും കോടിക്കണക്കിന് ആരാധകരുടെയും നെഞ്ചിൽ തളച്ച് വലയിൽ കയറി. പെനൽറ്റി ഷൂട്ട്ഔട്ടിൽ കിരീടം കൈവിട്ടെങ്കിലും 24ആം ജന്മദിനത്തിന് രണ്ട് ദിവസം ബാക്കി നിൽക്കെ ലോകകപ്പ് ഫൈനലിൽ ഹാട്രിക് നേടുന്ന താരമെന്ന നേട്ടത്തിലെത്തി എംബാപ്പെ. 1966 ടൂർണമെന്‍റിലെ ഫൈനലിൽ പശ്ചിമ ജർമനിക്കെതിരെ ഇംഗ്ലണ്ടിന്‍റെ ജോഫ് ഹെസ്റ്റ് നേടിയ ഹാട്രിക്കിന് ശേഷം മറ്റൊരു ഫൈനൽ ഹാട്രിക്കിനായി ലോകം കാത്തിരുന്നത് 56 വർഷം. തലയുയർത്തി, നെഞ്ച് വിരിച്ച് എംബാപ്പെയ്ക്ക് മടങ്ങാം, ഇനി വരാനുള്ളത് ലോക ഫൂട്ബോളിലെ എംബാപ്പെ യുഗമാണ്. 19ആം വയസിൽ ലോക കിരീടം ചൂടിയ ഫ്രാൻസിന്‍റെ പ്രിയ പുത്രന് കാതങ്ങളേറെയുണ്ടിനി സഞ്ചരിക്കാൻ, നേട്ടങ്ങളേറെയുണ്ട് മുത്തമിടാൻ.
tery