ചരിത്ര വിജയത്തിൽ സന്തോഷിക്കാനാകാതെ സൗദി അറേബ്യന്‍ ടീം ; ഡിഫന്‍ഡറിന് ഗുരുതര പരുക്ക്


ലോകകപ്പില്‍ അര്‍ജന്‍റീനയ്‌ക്കെതിരെയുള്ള മത്സരത്തില്‍ പ്രതിരോധ ശ്രമത്തിനിടെ സൗദി അറേബ്യന്‍ ഡിഫന്‍ഡര്‍ യാസർ അൽ സഹ്‌റാനിക്ക് പരിക്കേറ്റിരുന്നു. സൗദി ബോക്സിനുള്ളിലേക്ക് വന്ന ലോംഗ് ബോള്‍ പ്രതിരോധിക്കുന്നതിനിടെയില്‍ ഗോള്‍കീപ്പര്‍ മുഹമ്മദ് അല്‍ ഒവൈസിന്‍റെ മുട്ട് കൊണ്ടാണ് അല്‍ സഹ്റാനിക്ക് പരിക്കേറ്റത്. താരത്തിന്‍റെ താടിയെല്ലിന് പൊട്ടലും ഇടത് മുഖത്തെ എല്ലും ഒടിഞ്ഞതായാണ് റിപ്പോർട്ട്.

ആദ്യ കാഴ്ചയില്‍ തന്നെ ഗുരുതരമായ പരിക്കാണെന്നുള്ള കാര്യം വ്യക്തമായിരുന്നു. തുടര്‍ന്ന് സ്കാനിംഗിനായി സഹ്‌റാനിയെ അടിയന്തിരമായി ആശുപത്രിയിലേക്ക് മാറ്റേണ്ടി വന്നു. ആന്തരിക രക്തസ്രാവം നിർത്താൻ ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടര്‍മാര്‍ നിർദ്ദേശിച്ചത്. താരത്തെ ചികിത്സയ്ക്കായി ജർമനിയിലേക്ക് സ്വകാര്യ വിമാനത്തിൽ കൊണ്ടുപോകാൻ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഉടന്‍ ഉത്തരവിട്ടതായി ഗള്‍ഫ് ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, മുന്‍ ലോക ചാമ്പ്യന്മാരും ഖത്തര്‍ ലോകകപ്പ് ഫേവറിറ്റുകളില്‍ ഒന്നുമായ അര്‍ജന്‍റീനയ്ക്കെതിരെയുള്ള വിജയം സൗദി ആഘോഷിക്കുകയാണ്. അർജന്റീനയെ തോൽപ്പിച്ചതിന്റെ ആഘോഷ സൂചകമായി സൗദിയിൽ ഇന്ന് രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ലോക ഫുട്‌ബോളിലെ കരുത്തന്മാരായ അര്‍ജന്റീനയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി സൗദി ടീം നേടിയ അട്ടിമറി വിജയത്തില്‍ ആവേശത്തിലാണ് രാജ്യത്തെ ഫുട്ബോൾ ആരാധകർ.

article-image

AA

You might also like

Most Viewed