അപ്രതീക്ഷിത പ്രകടനങ്ങളുമായി ലോകകപ്പിന്റെ മൂന്നാം ദിവസം

ആദ്യ ഗ്രൂപ്പ് ബി മത്സരത്തിൽ വമ്പന്മാരായ അർജന്റീനക്കെതിരെ സൗദി അറേബ്യ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ചരിത്ര വിജയം നേടി. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നായി മാറിയിരിക്കുകയാണ് ഈ ജയം. 48ആം മിനിറ്റിൽ സാലിഹ് അൽ ഷഹ്‌റിയും 53 ആം മിനിറ്റിൽ സാലിം അൽ ദൗസരിയും ഗോൾവല കുലുക്കി. 10ആം മിനിറ്റിൽ ലയണൽ മെസ്സി പെനാൽറ്റി ഗോൾ നേടി. ഇതോടുകൂടി അർജന്റീനയുടെ തുടർച്ചയായ 36 അപരാജിത മത്സരം എന്ന യാത്രയ്ക്ക് ഇവിടെ വിരാമം.
രണ്ടാം മത്സരമായ ഡെൻമാർക്ക്, ടുണീസിയ പോരാട്ടവും മൂന്നാം മത്സരമായ മെക്സിക്കൊ, പോളണ്ട് പോരാട്ടവും ഗോൾരഹിത സമനിലയിൽ കലാശിച്ചു. 58ആം മിനിറ്റിൽ പോളണ്ടിന് ലഭിച്ച പെനാൽറ്റിയിൽ ലെവൻഡോസ്കിക്ക് ഗോൾ നേടാൻ സാധിച്ചിരുന്നില്ല.
നാലാം മത്സരത്തിൽ ആസ്ത്രേലിയക്കെതിരെ മുൻ ചാമ്പ്യന്മാരായ ഫ്രാൻസ് ഒന്നിനെതിരെ നാലു ഗോളുകൾക്ക് തകർപ്പൻ ജയം നേടി. ആദ്യം ഗോളടിച്ച് ആസ്‌ട്രേലിയ ഞെട്ടിച്ചെങ്കിലും ഒലിവർ ജിറൂഡ് രണ്ടുതവണയും അഡ്രിയൻ റാബിയറ്റ്, കിലിയൻ എംബാപ്പെ എന്നിവർ ഓരോ തവണയും ഫ്രാൻസിനായി ഗോൾ നേടി.