ഐപിഎൽ: പഞ്ചാബും ഹൈദരാബാദും ഇന്ന് നേര്‍ക്കുനേർ

ദുബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഇന്നത്തെ രണ്ടാം മത്സരത്തില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ഇന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. വൈകിട്ട് 7.30ന് ദുബൈയിലാണ് മത്സരം. പ്ലേ ഓഫില്‍ സ്ഥാനം ഉറപ്പാക്കാന്‍ ഇരു ടീമിനും ജയം അനിവാര്യമാണ്. തുടര്‍ വിജയങ്ങളുടെ ആത്മവിശ്വാസത്തില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബ്. രാജസ്ഥാനെ തോല്‍പിച്ച് അവസാന നാലിലേക്ക് പ്രതീക്ഷ നീട്ടിയെടുത്തിട്ടുണ്ട് സണ്‍റൈസേഴ്‌സ്. ഇരു ടീമുകള്‍ക്കും പത്ത് മത്സരങ്ങളില്‍ നിന്ന് എട്ട് പോയിന്റാണുള്ളത്. എന്നാല്‍ മികച്ച നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ ഹൈദരാബാദ് ഒരു പടി മുന്നിലാണ്. അഞ്ചാം സ്ഥാനത്താണ് ഹൈദരാബാദ്. കിംഗ്‌സ് ഇലവന്‍ ആറാമതും. ക്യാപ്റ്റന്‍ കെ.എല്‍ രാഹുല്‍, മായങ്ക് അഗര്‍വാൾ എന്നിവര്‍ക്കൊപ്പം ക്രിസ് ഗെയിലും നിക്കോളാസ് പുരാനും ചേരുന്പോള്‍ ബാറ്റിംഗ് നിരയില്‍ ആശങ്കകളില്ല. മുഹമ്മദ് ഷമിയും രവി ബിഷ്‌ണോയിയും ഉഗ്രന്‍ ഫോമിലാണെന്നുള്ളതും പഞ്ചാബിന്റെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നു.