ഏഷ്യന്‍ കപ്പ് യോഗ്യതാ റൗണ്ടില്‍ കിര്‍ഗിസ്ഥാനെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം
ബംഗലൂരു : നായകന്‍ സുനിൽ ഛേത്രിയുടെ ഗോളിൽ എഎഫ്സി ഏഷ്യന്‍ കപ്പ് യോഗ്യതാ റൗണ്ടില്‍ കിര്‍ഗിസ്ഥാനെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. മല്‍സരത്തിന്റെ 69ാം മിനിറ്റിലായിരുന്നു വിജയഗോൾ. വിജയത്തോടെ ഗ്രൂപ് ‘എ’യിൽ ആറു പോയൻറോടെ ഇന്ത്യ ഒന്നാം സ്ഥാനത്തെത്തി.
ബംഗളൂരു ശ്രീകണഠീരവ സ്റ്റേഡിയത്തില്‍ ത്രസിപ്പിക്കുന്ന പോരാട്ടത്തിലാണ് ഇന്ത്യ ജയം നേടിയത്. തുടക്കത്തില്‍ കിര്‍ഗിസ്ഥാനായിരുന്നു മൈതാനത്ത് ആധിപത്യം. നിർണായകമായ പല അവസരങ്ങളും ആദ്യ നിമിഷങ്ങളിൽ തന്നെ കിർഗിസ്ഥാൻ സൃഷ്ടിച്ചെടുത്തു. എന്നാല്‍ മലയാളി താരം അനസ് എടത്തൊടികയും സന്ദേശ് ജിങ്കനും ഉള്‍പ്പെടുന്ന പ്രതിരോധനിരയും ഗോളി ഗുര്‍പ്രീത് സിങ് സന്ധുവും ചെറുത്തു.
ആലസ്യം വിട്ടുണര്‍ന്ന ഇന്ത്യയും പിന്നീട് ആക്രമണം അഴിച്ചുവിട്ടു. എങ്കിലും ആദ്യപകുതിയില്‍ ഇരുടീമുകള്‍ക്കും ഗോള്‍ നേടാനായില്ല. ഇടവേളയ്ക്കുശേഷം കിര്‍ഗിസ്ഥാന്‍ ആക്രമണം ശക്തമാക്കി. 49-ാം മിനിറ്റില്‍ ഇസ്രായിലോവിന്റെ തകര്‍പ്പന്‍ ഷോട്ട് നേരിയ വ്യത്യാസത്തില്‍ പുറത്തുപോയി. ലക്സും മുര്‍സായേവും നിരന്തരം ഇന്ത്യന്‍ ഗോള്‍മുഖത്തെത്ത് ഭീഷണി സൃഷ്ടിച്ചെങ്കിലും, അനസും ജിങ്കനും ഗോളി സന്ധുവും പുലര്‍ത്തിയ നിതാന്ത ജാഗ്രത അപകടം ഒഴിവാക്കി.
69 ആം മിനുട്ടില്‍ പിഴവിന് പ്രായച്ഛിത്തമായി നായകന്‍ സുനില്‍ ഛേത്രിയുടെ ഗോളെത്തി. ജെജെ നൽകിയ മനോഹര പാസ് നിലംതൊടുന്നതിനുമുമ്പേ കിർഗിസ്ഥാൻ ഗോളിയെ നിഷ്പ്രഭനാക്കി സുനില്‍ ഛേത്രി വലയിലെത്തിച്ചു. ഗോള്‍ നേടിയതോടെ ഇന്ത്യ പ്രതിരോധം ശക്തമാക്കി. മല്‍സരത്തിന്റെ അവസാന നിമിഷങ്ങളില്‍ രണ്ട് അവസരങ്ങള്‍ ഇന്ത്യയ്ക്ക് ലഭിച്ചെങ്കിലും റോബിന്‍ സിങ്ങും സുനില്‍ ഛേത്രിയും പാഴാക്കി.
എഎഫ്സി ഏഷ്യന്‍ കപ്പ് യോഗ്യതാ റൌണ്ട് എ ഗ്രൂപ്പില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്. ആദ്യ കളിയില്‍ മ്യാന്‍മറിനെയാണ് ഇന്ത്യ തോല്‍പ്പിച്ചത്. 2019 ലെ ഏഷ്യന്‍ കപ്പിനുള്ള യോഗ്യത വിജയത്തോടെ ഇന്ത്യ സജീവമാക്കി. സെപ്തംബറില്‍ മക്കാവുവുമായിട്ടാണ് ഇന്ത്യയുടെ അടുത്ത മത്സരം.

