സംസ്ഥാനത്തെ മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളവും അലവൻസുകളും വർധിപ്പിക്കുന്നതിനുള്ള ബില്ല് നിയമസഭ പാസ്സാക്കി
ശാരിക
തിരുവനന്തപുരം: കേരളത്തിലെ മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ്, എംഎൽഎമാർ എന്നിവരുടെ ശമ്പളവും അലവൻസുകളും വർധിപ്പിക്കുന്നതിനുള്ള ബില്ല് നിയമസഭയിൽ പാസ്സായി. ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ അംഗങ്ങൾ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടതിനെ തുടർന്നാണ് സർക്കാർ നടപടി. 2018-ലാണ് ഇതിനുമുമ്പ് ശമ്പളവും അലവൻസുകളും പരിഷ്കരിച്ചത്. 2022-ൽ ഇതിനായുള്ള ശിപാർശ ലഭിച്ചെങ്കിലും സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി മൂലം നടപ്പിലാക്കാതെ മാറ്റിവെക്കുകയായിരുന്നു.
പുതിയ പരിഷ്കരണത്തോടെ എംഎൽഎമാരുടെ മാസവരുമാനം 70,000 രൂപയിൽ നിന്ന് 98,000 രൂപയായി ഉയരും. സ്ഥിരബത്ത 2,000-ൽ നിന്ന് 4,000 രൂപയായും മണ്ഡലം അലവൻസ് 25,000-ൽ നിന്ന് 35,000 രൂപയായും ഇൻഫർമേഷൻ ബത്ത 4,000-ൽ നിന്ന് 8,000 രൂപയായും മറ്റു ചെലവുകൾക്കുള്ള ബത്ത 8,000-ൽ നിന്ന് 13,000 രൂപയായും ഉയർത്തി. യാത്രാബത്ത 20,000-ൽ നിന്ന് 30,000 രൂപയായും വിമാനയാത്രാ വാർഷിക അലവൻസ് 50,000-ൽ നിന്ന് 75,000 രൂപയായും വർധിപ്പിച്ചു. മൈലേജ് അലവൻസ് കിലോമീറ്ററിന് 10 രൂപയിൽ നിന്ന് 15 രൂപയും ആകസ്മിക ചെലവുകൾ കിലോമീറ്ററിന് ഒരു രൂപയിൽ നിന്ന് 2 രൂപയുമാക്കി. സംസ്ഥാനത്തിനകത്തുള്ള ദിനബത്ത 1,000-ൽ നിന്ന് 1,500 രൂപയായും പുറത്തുള്ള ദിനബത്ത 1,200-ൽ നിന്ന് 1,800 രൂപയായും വർധിച്ചു. ടെലിഫോൺ അലവൻസ് 11,000 രൂപയായി തന്നെ തുടരും.
മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ് എന്നിവരുടെ ആകെ മാസവരുമാനം 1,08,000 രൂപയിൽ നിന്ന് 1,22,000 രൂപയായി ഉയരും. ഇതിൽ അടിസ്ഥാന ശമ്പളം 2,000-ൽ നിന്ന് 3,000 രൂപയായും മണ്ഡലം ബത്ത 40,000-ൽ നിന്ന് 45,000 രൂപയായും കൺവേയൻസ് അലവൻസ് 17,000-ൽ നിന്ന് 25,000 രൂപയായും വർധിപ്പിച്ചു. കൂടാതെ റോഡ് മാർഗ്ഗമുള്ള യാത്രാബത്ത കിലോമീറ്ററിന് 15 രൂപയിൽ നിന്ന് 20 രൂപയാക്കി ഉയർത്തിയിട്ടുണ്ട്.
്േിേി

