കോഴിക്കോട് മെഡിക്കൽ കോളേജിൽ നിപ്പ ബാധിതരുടെ മരണം: കാലാവധി കഴിഞ്ഞ മരുന്ന് നൽകിയതാണോ എന്ന് സംശയം; അന്വേഷണത്തിന് ഉത്തരവിട്ടു
ശാരിക
തിരുവനന്തപുരം: കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ നിപ്പ ബാധിച്ച് രോഗികൾ മരിക്കാനിടയായത് കാലാവധി കഴിഞ്ഞ ആന്റിവൈറൽ മരുന്ന് നൽകിയതുകൊണ്ടാണോ എന്ന കാര്യത്തിൽ ആരോഗ്യവകുപ്പ് തന്നെ വലിയ സംശയം പ്രകടിപ്പിക്കുന്നതായി ആരോഗ്യമന്ത്രി കെ. മുരളീധരൻ നിയമസഭയെ അറിയിച്ചു. 2023, 2024, 2025 വർഷങ്ങളിൽ നിപ്പ ബാധിച്ച് ആറ് പേർ മരണപ്പെട്ട സംഭവത്തിലാണ് ആരോഗ്യവകുപ്പിന് തന്നെ അതീവ ഗുരുതരമായ ഈ സംശയമുയർന്നിട്ടുള്ളത്. വിഷയത്തിൽ കൃത്യവും സമഗ്രവുമായ അന്വേഷണം നടത്തുന്നതിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ഇൻഫെക്ഷ്യസ് ഡിസീസ് മേധാവി ഡോ. അരവിന്ദിന്റെ നേതൃത്വത്തിൽ വിദഗ്ദ്ധ മെഡിക്കൽ ബോർഡ് രൂപീകരിച്ച് ഉത്തരവിറക്കിയതായി മന്ത്രി നിയമസഭയിൽ വ്യക്തമാക്കി.
നിയമസഭാ സമ്മേളനത്തിൽ മാത്യു കുഴൽനാടൻ എംഎൽഎ ഉന്നയിച്ച അടിയന്തര സബ്മിഷന് മറുപടി നൽകുകയായിരുന്നു ആരോഗ്യമന്ത്രി. നിപ്പ, കോവിഡ് തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിൽ ജീവൻരക്ഷാ മരുന്നായി നൽകിവരുന്ന 'റെംഡെസിവിർ' എന്ന മരുന്ന് വിതരണം ചെയ്തതിലാണ് ഗുരുതരമായ വീഴ്ച സംഭവിച്ചതായി അനുമാനിക്കുന്നത്. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് കാരുണ്യ പദ്ധതി വഴി 2021 ജൂൺ മൂന്നിനാണ് അവസാനമായി ഈ മരുന്ന് സംഭരിച്ചത്. 42 ലക്ഷം രൂപ ചെലവിട്ട് വാങ്ങിയ 3000 വയൽ മരുന്നിന്റെ കാലാവധി 2023 മേയ് 30-ന് അവസാനിച്ചിരുന്നു. കാരുണ്യ വഴിയല്ലാതെ മറ്റ് മാർഗ്ഗങ്ങളിലൂടെയൊന്നും ഈ കാലയളവിൽ സർക്കാർ ആശുപത്രികളിലേക്ക് റെംഡെസിവിർ വാങ്ങിയിരുന്നില്ല. എന്നാൽ, കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നുള്ള കണക്കുകൾ പ്രകാരം കാലാവധി കഴിഞ്ഞ ശേഷവും വലിയ തോതിൽ റെംഡെസിവിർ രോഗികൾക്ക് കുത്തിവെച്ചതായി കണ്ടെത്തിയിട്ടുണ്ട്.
2023-24 സാമ്പത്തിക വർഷത്തിൽ 102 വയലും, 2024-25-ൽ 34 വയലും, 2025-26 വർഷത്തിൽ 10 വയലും റെംഡെസിവിർ മെഡിക്കൽ കോളേജിൽ രോഗികൾക്കായി ഉപയോഗിച്ചിട്ടുണ്ട്. 2023-ൽ റിപ്പോർട്ട് ചെയ്ത ആറ് നിപ്പ കേസുകളിൽ രണ്ടുപേരും, 2024-ലെ രണ്ട് കേസുകളിൽ രണ്ടുപേരും, 2025-ലെ മൂന്ന് കേസുകളിൽ രണ്ടുപേരും മരണപ്പെട്ടിരുന്നു. ഈ മൂന്ന് വർഷങ്ങളിലായി രോഗികൾക്ക് നൽകിയ മരുന്നുകൾ കാലാവധി കഴിഞ്ഞതായിരുന്നുവെന്നാണ് ആരോഗ്യവകുപ്പ് ഇപ്പോൾ കണക്കാക്കുന്നത്. എന്നാൽ, 2026-27 സാമ്പത്തിക വർഷത്തിൽ ഉപയോഗിച്ച 50 വയൽ മരുന്ന് 2026 ജൂൺ 12-ന് ബഹ്റൈനിൽനിന്ന് പ്രത്യേകമായി എത്തിച്ച് നൽകിയതായിരുന്നു. ഈ വർഷം രോഗം സ്ഥിരീകരിച്ച ഏക രോഗി പൂർണ്ണമായി രോഗമുക്തി നേടുകയും ചെയ്തു.
കാലാവധി കഴിഞ്ഞ മരുന്ന് നൽകിയതാണോ ആറ് പേരുടെ മരണത്തിന് ഇടയാക്കിയതെന്നും, ഈ മരുന്ന് നൽകിയ മറ്റ് കോവിഡ്, നിപ്പ രോഗികൾക്ക് എന്തെങ്കിലും തരത്തിലുള്ള പാർശ്വഫലങ്ങൾ ഉണ്ടായിട്ടുണ്ടോയെന്നും രൂപീകരിച്ച മെഡിക്കൽ ബോർഡ് ആഴത്തിൽ പരിശോധിക്കും. കോഴിക്കോട് മെഡിക്കൽ കോളജിൽനിന്ന് റെംഡെസിവിർ നൽകിയിട്ടുള്ള മുഴുവൻ രോഗികളുടെയും വിവരങ്ങൾ അടിയന്തരമായി ശേഖരിച്ച് ലഭ്യമാക്കാൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കും ആരോഗ്യവകുപ്പ് ഡയറക്ടർക്കും കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി സഭയിൽ ആവർത്തിച്ചു.
sdczsd

