സൗദിയില്‍ അനുമതിയില്ലാതെ മരം മുറിച്ചാൽ 4 ലക്ഷം രൂപ പിഴ


റിയാദ്: പരിസ്ഥിതി സംരക്ഷണത്തിന് കടുത്ത നടപടിയുമായി സൗദി അറേബ്യ. രാജ്യത്ത് ഇനി അനുമതിയില്ലാതെ മരം മുറിച്ചാൽ മുറിക്കുന്ന ഓരോ മരത്തിനും നാലു ലക്ഷം രൂപ (20,000 റിയാൽ) വീതം പിഴ നല്‍കണം. കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനാണ് കടുത്ത നടപടിക്ക് നിർദേശം നൽകിയത്. നിയമം ഉടൻ പ്രാബല്യത്തിലാവുകയും ചെയ്തു.

കഴിഞ്ഞ ദിവസം ഇത്തരത്തിൽ മരം മുറിച്ച പൗരന്മാർക്ക് ശിക്ഷ കിട്ടി. പടിഞ്ഞാറൻ പ്രവിശ്യയിലെ തായിഫിലാണ് സംഭവം. അനുമതിയില്ലാതെ മരം മുറിച്ചതിന് മൂന്ന് സ്വദേശി പൗരന്മാർക്കാണ് പിഴ ശിക്ഷ ചുമത്തിയത്. അവർ മുറിച്ച ഓരോ മരത്തിനും നാലു ലക്ഷം രൂപ വീതം നൽകേണ്ടി വന്നു. രാജ്യത്ത് ശൈത്യകാലം ആരംഭിച്ചതിനാൽ തീ കായാനുള്ള വിറകിന് വേണ്ടിയാണ് മരങ്ങൾ മുറിക്കുന്നത്.
മരം മുറിക്കാനും മൃഗങ്ങളെ വേട്ടയാടുന്നതിനും വിലക്കുള്ള രാജ്യമാണ് സൗദി അറേബ്യ. മുൻകൂര്‍ അനുമതി നേടി ചില സ്ഥലങ്ങളിൽ മരം മുറിക്കാം. എന്നാൽ അനുമതി കിട്ടൽ എളുപ്പമല്ല. അതുപോലെ ഒരു പ്രത്യേക സീസണിൽ മാത്രം ചില നിശ്ചിത സ്ഥലങ്ങളിൽ മാത്രം നായാട്ടും അനുവദിക്കാറുണ്ട്. സൗദി അറേബ്യയെ ഹരിതവത്കരിക്കുന്നതിന് വേണ്ടി രാജ്യത്തുടനീളം 50 കോടി മരങ്ങളാണ് വെച്ചുപിടിപ്പിക്കുന്നത്.

You might also like

  • Straight Forward

Most Viewed