നാട്ടിൽ പോയ പ്രവാസികൾക്ക് റീ എൻട്രി മൂന്നു മാസത്തേക്ക് നീട്ടിനൽകുമെന്ന് സൗദി
റിയാദ്: റീ എൻട്രി വിസയിൽ നാട്ടിൽപോയവരുടെ റീ എൻട്രി കാലാവധി മൂന്നു മാസത്തേക്ക് നീട്ടിനൽകുമെന്ന് സൗദി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഇഖാമ കാലാവധി അവസാനിച്ചാലം പുതുക്കി നൽകും. സൗദിയിലുള്ളവരും റീ എൻട്രിയിൽ യാത്രതിരിക്കാനുള്ള സമയപരിധി അവസാനിച്ചവർക്ക് പിഴ ഈടാക്കാതെ സൗജന്യമായി മൂന്നു മാസം കൂടി റീ എൻട്രി നീട്ടി നൽകുമെന്നും അധികൃതർ അറിയിച്ചു.
സൗദിയിൽ നിന്നും അവധിക്കായി നാട്ടിലേക്ക് പോവുകയും കൊറോണയുടെ പശ്ചാത്തലത്തിൽ വിമാനങ്ങൾ റദ്ദ് ചെയ്തതിനാൽ കൃത്യ സമയത്ത് സൗദിയിൽ തിരിച്ചെത്താനാവാതെ റീ എൻട്രി കാലാവധി അവസാനിച്ചിട്ടുള്ളവർക്ക് മൂന്നു മാസത്തേക്ക് സൗജന്യമായി റീ എൻട്രി വിസ ദീർഘിപ്പിച്ചുനൽകുമെന്ന് സൗദി അറേബ്യൻ ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഇത്തരത്തിൽ നാട്ടിൽ കുടുങ്ങിയവർക്ക് വിസയുടെ കാലാവധി അവസാനിച്ചിട്ടുണ്ടെങ്കിൽ ഇഖാമയും പുതുക്കി നൽകും.
കോവിഡിന്റെ പശ്ചാത്തലത്തിൽ വിമാനം റദ്ദാക്കിയതിനാൽ മലയാളികളടക്കമുള്ള നിരവധി ഇന്ത്യക്കാർക്കും മറ്റ് വിദേശികൾക്കും സൗദിയിൽ തിരിച്ചെത്താൻ സാധിച്ചിരുന്നില്ല. അവർക്കൊക്കെ ആശ്വാസമാകുന്നതാണ് സൗദി അറേബ്യൻ ആഭ്യന്തരമന്ത്രാലയത്തിന്റെ തീരുമാനം.

