മലിനജലവും പഴകിയ മന്തിയും വില്ലനായി: കേരളത്തിൽ വീണ്ടും ഭീതി വിതച്ച് ഷിഗെല്ല, 6 പേർക്ക് രോഗബാധ
ഷീബ വിജയൻ
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല ബാക്ടീരിയൽ അണുബാധ സ്ഥിരീകരിച്ചത് ആശങ്കയ്ക്കിടയാക്കുന്നു. മലപ്പുറം, കോഴിക്കോട് ജില്ലകളിലായി ആറുപേർക്കാണ് നിലവിൽ രോഗബാധ കണ്ടെത്തിയിട്ടുള്ളത്. ഇതിനെ തുടർന്ന് രോഗം ബാധിച്ച പ്രദേശങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങളും നിരീക്ഷണവും ആരോഗ്യവകുപ്പ് ഊർജിതമാക്കിയിട്ടുണ്ട്. മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ മൂന്ന് പേർക്കാണ് രോഗം ബാധിച്ചത്. അമരംബലത്തെ കടയിൽ നിന്ന് ലഘുഭക്ഷണം കഴിച്ച നാല് വയസ്സുകാരിക്കും, പാലുണ്ടയിലെ ഒരു ഹോട്ടലിൽ നിന്ന് മന്തി കഴിച്ച രണ്ടുപേർക്കുമാണ് അണുബാധ സ്ഥിരീകരിച്ചത്. കൂടാതെ പ്രദേശത്ത് ഇരുപത്തിമൂന്നോളം പേർക്ക് വയറിളക്കം, ഛർദ്ദി, വയറുവേദന തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെട്ടിട്ടുണ്ട്. ആശുപത്രിയിൽ ചികിത്സയിലുള്ള മറ്റ് ചിലരുടെ പരിശോധനാ ഫലങ്ങൾ ലഭിക്കാനുണ്ട്. രോഗബാധിതരുടെയും സംശയമുള്ളവരുടെയും വീടുകളിൽ ആരോഗ്യപ്രവർത്തകർ നേരിട്ടെത്തി ക്ലോറിനേഷൻ പൂർത്തിയാക്കിയിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ വടകര മേപ്പയിൽ എസ്.ബി സ്കൂളിലെ മൂന്ന് വിദ്യാർഥികൾക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ച മുതൽ ലക്ഷണങ്ങളോടെ കുട്ടികൾ ചികിത്സ തേടുകയായിരുന്നു. ആദ്യം ഒരു കുട്ടിക്ക് രോഗം ബാധിച്ചതിനെ തുടർന്ന് നടത്തിയ സമ്പർക്ക പരിശോധനയിലാണ് മറ്റ് രണ്ട് പേർക്ക് കൂടി രോഗം കണ്ടെത്തിയത്. സ്കൂളിലെ കുടിവെള്ള സ്രോതസ്സുകളിൽ നിന്നുള്ള സാമ്പിളുകൾ ലാബ് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. പരിസരത്തെ ഇരുന്നൂറ്റിതൊണ്ണൂറോളം വീടുകളിലെ കിണറുകൾ ആരോഗ്യവകുപ്പ് ക്ലോറിനേറ്റ് ചെയ്തിട്ടുണ്ട്. മലിനമായ വെള്ളത്തിലൂടെയും വൃത്തിഹീനമായ ഭക്ഷണത്തിലൂടെയുമാണ് ഷിഗെല്ല ബാക്ടീരിയ പടരുന്നത്.
DFSADSDSDS

