കോവിഡ്: സൗദിയിൽ കോഴിക്കോട് സ്വദേശി ഗുരുതരാവസ്ഥയിൽ; ഭാര്യയും കുഞ്ഞും ഫ്ലാറ്റില്‍ മരിച്ച നിലയിൽ


റിയാദ്: കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്ന കോഴിക്കോട് സ്വദേശിയുടെ ഭാര്യയും കുഞ്ഞും ഫ്ലാറ്റിൽ മരിച്ച നിലയിൽ. കോഴിക്കോട് കൊയിലാണ്ടി അരിക്കുളം സ്വദേശി ബിജുവിന്‍റെ ഭാര്യയെയും ആറു മാസം പ്രായമായ കുഞ്ഞിനെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർ മണിപ്പൂര്‍ സ്വദേശിനിയാണ്. ഒപ്പമുണ്ടായിരുന്ന ബിജുവിന്‍റെ വയോധികയായ അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

നാലു ദിവസം മുമ്പാണ് അസുഖബാധിതനായി ബിജു ആശുപത്രിയിൽ ചികിത്സ തേടിയത്. തുടർന്ന് ഇയാളുടെ വിവരങ്ങൾ ഒന്നും ലഭിക്കാത്തതിനെ തുടർന്ന് നാട്ടിലെ ബന്ധുക്കൾ ഗൾഫിലെ സുഹൃത്തുക്കളെ വിവരമറിയിച്ചു. ഇവര്‍ നടത്തിയ അന്വേഷണത്തിലാണ് ബിജു മുവാസത് ആശുപത്രിയില്‍ അത്യാസന്ന നിലയിൽ വെന്‍റിലേറ്ററിൽ കഴിയുകയാണെന്ന വിവരം ലഭിച്ചത്.

ഈ ദിവസങ്ങൾക്കിടെ ഇയാളുടെ ഭാര്യ കുഞ്ഞുമൊത്ത് ജീവനൊടുക്കിയെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം രാവിലെ മുതൽ ബിജുവിന്‍റെ അമ്മ ഫ്ലാറ്റിന് പുറത്തു നിൽക്കുകയായിരുന്നു. വൈകുന്നേരവും അവിടെത്തന്നെ നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ട അയൽക്കാർ വിവരങ്ങൾ ചോദിച്ചറിഞ്ഞു. മരുമകൾ അകത്ത് നിന്ന് മുറി പൂട്ടിയിരിക്കുകയാണെന്നും കയറാൻ ആകുന്നില്ലെന്നുമായിരുന്നു എഴുപതുകാരിയായ വയോധിക പറഞ്ഞത്. തുടർന്ന് ഇവർ നൽകിയ വിവരം അനുസരിച്ച് സ്ഥലത്തെത്തിയ പൊലീസ് മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് യുവതിയെ കുഞ്ഞിനെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.

മദീന എയർപോർട്ടിൽ ഒരു കമ്പനിയിൽ ബെൽറ്റ് ടെക്നീഷ്യനായിരുന്നു ബിജു. അടുത്തിടെ ഇയാൾക്ക് ജോലി നഷ്ടമായിരുന്നു. നഴ്സിംഗ് മേഖലയിലുള്ള ജോലി നേടാനുള്ള ശ്രമത്തിലായിരുന്നു ഭാര്യ. സുഹൃത്തുക്കളുമായി അധികം അടുപ്പം സൂക്ഷിക്കാത്ത ആൾ ആയതിനാൽ ബിജുവിന്‍റെ കുടുംബത്തെക്കുറിച്ച് കൂടുതൽ അറിയില്ലെന്നാണ് സുഹൃത്തുക്കൾ പറയുന്നത്.

You might also like

Most Viewed