സൗദിയിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു
റിയാദ്: കൊവിഡ് ബാധിച്ച് മലയാളി സൗദി അറേബ്യയിൽ മരിച്ചു. മലപ്പുറം നിലന്പൂർ മരുത സ്വദേശി നെല്ലിക്കോടൻ വാസുദേവൻ ദാമോദരനാണ് (52) ഞായറാഴ്ച വൈകിട്ട് ദമ്മാമിലെ അൽമന ആശുപത്രിയിൽ മരിച്ചത്. കടുത്ത ന്യൂമോണിയ ബാധയെത്തുടർന്നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
രോഗം കലശലായതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദമ്മാമിലെ ഒരു പ്രമുഖ മാൻപവർ കന്പനിയിലെ ജീവനക്കാരനായിരുന്നു. 12 വർഷമായി പ്രവാസിയാണ്. അച്ഛൻ: ദാമോദരൻ, അമ്മ: വിശാലാക്ഷി, ഭാര്യ: പ്രതിഭ. ആര്യ ഏക മകളാണ്.

