സൗദിയിലെ ആദ്യ വനിതാ ഐ.എഫ്.എസ് ഓഫിസറായി മലയാളി ഹംന മറിയം ചുമതലയേൽക്കും
ജിദ്ദ: സൗദിയിലെ ഇന്ത്യൻ കോൺസുലേറ്റിൽ പുതിയ കൊമേഴ്സ്യൽ, പ്രസ് ആൻഡ് ഇൻഫർമേഷൻ കോൺസലായി ഹംന മറിയം ചുമതലയേൽക്കും. നിലവിലെ കോൺസൽ മോയിൻ അക്തർ ഡൽഹിയിലെ വിദേശകാര്യ മന്ത്രാലയത്തിലേക്ക് തിരിച്ചു പോകുന്ന ഒഴിവിലാണ് നിയമനം. പാരീസിലെ ഇന്ത്യൻ എംബസിയിൽ നിന്നാണ് സൗദിയിലേക്ക് സ്ഥലംമാറ്റം ലഭിച്ചത്. ആദ്യമായാണ് വനിതാ ഐ.എഫ്.എസ് ഓഫിസർ ഇന്ത്യൻ കോൺസുലേറ്റിൽ ചുമതലയേൽക്കുന്നതെന്നു കോണ്‍സൽ ജനറൽ നൂർ റഹ്മാൻ ഷെയ്ഖ് പറഞ്ഞു.
ഫറൂഖ് കോളേജിൽ അസിസ്റ്റന്റ് പ്രഫസറായിരിക്കെയാണ് ഹംന മറിയം ഇന്ത്യൻ വിദേശകാര്യ സർവ്വീസിലെത്തിയത്. കോഴിക്കോട് മെഡിക്കൽ കോളേജ് ഐ.എം.സി.എച്ച് സൂപ്രണ്ട് ഡോ. ടി.പി അഷ്റഫിന്റെയും ഫിസിയോളജിസ്റ്റ് ഡോ. പി.വി ജൗഹറയുടെയും മകളാണ്. തെലങ്കാന കേഡറിലെ ഐ.എ.എസ്സുകാരന്‍ അബ്ദുൽ മുസമ്മിൽ ഖാനാണ് ഭർത്താവ്.

