തവക്കൽനാ ആപ്പിൽ 40 പുതിയ സേവനങ്ങൾ കൂടി ലഭ്യമാക്കി സൗദി അറേബ്യ
ശാരിക
റിയാദ്: സൗദി അറേബ്യയുടെ ഔദ്യോഗിക ആപ്പായ 'തവക്കൽനാ' വഴി പൊതുജനങ്ങൾക്ക് ലഭിക്കുന്ന സേവനങ്ങൾ കൂടുതൽ എളുപ്പവും വേഗത്തിലുമാക്കുന്നതിനായി 40 പുതിയ സേവനങ്ങൾ കൂടി പുതുതായി ഉൾപ്പെടുത്തി. ഇക്കഴിഞ്ഞ ജൂലൈ മാസത്തിൽ 24 സർക്കാർ ഓഫീസുകളുമായി സഹകരിച്ചാണ് ഈ പുതിയ സൗകര്യങ്ങൾ ആപ്പിൽ ലഭ്യമാക്കിയത്. സർക്കാർ ഓഫീസുകൾ കയറിയിറങ്ങാതെ, ഒരൊറ്റ ആപ്പ് വഴി തന്നെ സേവനങ്ങൾ ജനങ്ങൾക്ക് വേഗത്തിൽ ചെയ്തു തീർക്കാൻ വേണ്ടിയാണ് ഈ മാറ്റം വരുത്തിയിരിക്കുന്നത്.
ആഭ്യന്തര മന്ത്രാലയം, ഇൻഫർമേഷൻ മന്ത്രാലയം, ഹജ്ജ് - ഉംറ മന്ത്രാലയം, തൊഴിൽ-സാമൂഹിക വികസന മന്ത്രാലയം, സൗദി ടൂറിസം അതോറിറ്റി, റിയൽ എസ്റ്റേറ്റ് അതോറിറ്റി, സൗദി സ്റ്റാൻഡേർഡ്സ് ആൻഡ് ക്വാളിറ്റി അതോറിറ്റി (സാസോ), കിങ് അബ്ദുൽ അസീസ് സിറ്റി ഫോർ സയൻസ് ആൻഡ് ടെക്നോളജി എന്നിവയ്ക്ക് പുറമേ വിവിധ സർവകലാശാലകളും മറ്റ് സർക്കാർ സ്ഥാപനങ്ങളും ഈ പദ്ധതിക്കായി കൈകോർത്തിട്ടുണ്ട്.
തവക്കൽനാ ആപ്പിന്റെ വികസനം ഘട്ടംഘട്ടമായാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായി തൊട്ടുമുൻപത്തെ മാസമായ ജൂണിൽ 40 സർക്കാർ, സ്വകാര്യ, ചാരിറ്റബിൾ സ്ഥാപനങ്ങളുമായി ചേർന്ന് 160 പുതിയ സേവനങ്ങൾ ആപ്പിൽ കൊണ്ടുവന്നിരുന്നു. വിദ്യാഭ്യാസം, ആരോഗ്യം, നഗരസഭ-പാർപ്പിട കാര്യങ്ങൾ, കോടതിയും നീതിന്യായവും, പരിസ്ഥിതി, ഗതാഗതം, സാമ്പത്തികം, തൊഴിൽ, സോഷ്യൽ സെക്യൂരിറ്റി, ടൂറിസം തുടങ്ങിയ പ്രധാന മേഖലകളിലെ സേവനങ്ങളാണ് ആ ഘട്ടത്തിൽ ഉൾപ്പെടുത്തിയത്.
തവക്കൽനാ ആപ്പ് ഉപയോഗിക്കുന്നവർക്ക് കൂടുതൽ എളുപ്പത്തിൽ കാര്യങ്ങൾ ചെയ്തുതീർക്കാനാണ് സർക്കാർ ഈ മാറ്റങ്ങൾ കൊണ്ടുവരുന്നത്. സർക്കാർ, സ്വകാര്യ, സൗജന്യ സേവനങ്ങൾ എല്ലാം ഒരൊറ്റ മൊബൈൽ ആപ്പിൽ ലഭ്യമാകുന്നതോടെ ജനങ്ങളുടെ സമയവും അധ്വാനവും വലിയ രീതിയിൽ ലാഭിക്കാനും, ജനങ്ങളുടെ ദിനംപ്രതിയുള്ള ജീവിതനിലവാരം മെച്ചപ്പെടുത്താനും സാധിക്കും.
dfdgdg

