അപകടത്തില്‍ പരിക്കേറ്റ മലയാളിക്ക് 1,95,000 റിയാല്‍ നഷ്ടപരിഹാരം
ദമ്മാം: വാഹനമിടിച്ച് ഗുരുതര പരിക്കേറ്റ മലയാളിക്ക് കോടതിയുടെ പ്രത്യേക ഇടപെടലിലൂെട 1,95,000 റിയാല്‍ (ഏകദേശം 36 ലക്ഷം രൂപയോളം) നഷ്ടപരിഹാരം. അല്‍ഖോബാറിലെ കന്പനിയില്‍ ജോലി ചെയ്യുന്ന മലപ്പുറം സ്വദേശി ഫൈസലിനാണ് സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടലിലൂടെ കോടതി തുണയായത്. ചികിത്സ തേടിയത് സ്വകാര്യ ആശുപത്രിയില്‍ ആയതിനാല്‍ പ്രസ്തുത റിപ്പോര്‍ട്ടുകള്‍ പരിഗണിക്കാനാവില്ല എന്ന കാരണം കാട്ടി ആദ്യം തള്ളിയ കേസാണ് സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടലിനെ തുടര്‍ന്ന് കോടതി വീണ്ടും പരിഗണിച്ചത്.
രണ്ടു വര്‍ഷം മുന്പാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ജോലികഴിഞ്ഞ് താമസസ്ഥലത്തേക്ക് നടന്നുപോകവെ നിയന്ത്രണംവിട്ട് ഫുട്പാത്തിലേക്ക് പാഞ്ഞുകയറിയ കാര്‍ ഫൈസലിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഫൈസലിനെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്. രണ്ട് തുടയെല്ല് പൊട്ടുകയും ശരീരത്തില്‍ ഗുരുതരമായ മുറിവുകള്‍ ഉണ്ടാവുകയും ചെയ്ത ഫൈസലിന് മാസങ്ങളാണ് ഇവിടെ ചികിത്സ തേടേണ്ടി വന്നത്. ഇന്‍ഷുറന്‍സ് പരിരക്ഷയുടെ പരിധിക്കു പുറത്തുള്ള തുക കെട്ടിവെച്ചാണ് ചികിത്സ പൂര്‍ത്തിയാക്കിയത്. ചികിത്സ കഴിഞ്ഞെത്തിയ ഫൈസല്‍ സാമൂഹിക പ്രവര്‍ത്തകനായ ഷാജി മതിലകത്തിെന്‍റ സഹായത്തോടെ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. കേസ് പരിഗണിച്ച കോടതി സ്വകാര്യ ആശുപത്രിയിലെ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ പരിഗണിക്കാനാവില്ല എന്ന കാരണം കാണിച്ച് കേസ് തള്ളുകയായിരുന്നു. തുടര്‍ന്ന് കിങ് ഫഹദ് ആശുപത്രിയെ സമീപിച്ചെങ്കിലും ചികിത്സ തേടാതെ റിപ്പോര്‍ട്ട് നല്‍കാനാവില്ല എന്ന് അവരും അറിയിച്ചു.
തുടര്‍ന്ന് ഷാജി മതിലകം കോടതിയെ സമീപിച്ച് ഫൈസലിെന്‍റ ദയനീയ സ്ഥിതി ബോധ്യപ്പെടുത്തി. കരഞ്ഞുകൊണ്ടാണ് ഷാജി ഇയാളുടെ അവസ്ഥകള്‍ വിശദീകരിച്ചത്. മനസ്സലിഞ്ഞ കോടതി ഫൈസലിനെ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ട് ദമ്മാം മെഡിക്കല്‍ കോംപ്ലക്സിലേക്ക് കത്ത് നല്‍കുകയായിരുന്നു. തുടര്‍ന്ന് ഇവിടെ നിന്ന് ലഭിച്ച റിപ്പോര്‍ട്ട് പരിഗണിച്ച കോടതി ഫൈസലിന് 1,95,000 റിയാല്‍ നഷ്ടപരിഹാരം വിധിക്കുകയായിരുന്നു.

