നിയോം ബേ വിമാനത്താവളം : ആദ്യ വിമാനം സർവീസ് നടത്തി
റിയാദ് : സൗദിയുടെ സ്വപ്ന ടൂറിസം പദ്ധതിക്കു സമീപം സജ്ജമാക്കിയ നിയോം ബേ വിമാനത്താവളത്തിലേക്ക് ആദ്യ സർവീസ് നടത്തി സൗദി അറേബ്യൻ എയർലൈൻസ്. റിയാദിൽ നിന്നാണ് നിയോം ബേ വിമാനത്തവളത്തിലേക്കുള്ള കന്നിവിമാനം പറന്നുയർന്നത്. വാട്ടർ ഗൺ സല്യൂട്ട് നൽകി ആദ്യ വിമാനത്തെ നിയോം ബേ വിമാനത്താവള അധികൃതരും ജീവനക്കാരും ചേർന്നു വരവേറ്റു. യാത്രക്കാർക്കും ഊഷ്മള സ്വീകരണമാണ് ലഭിച്ചത്. സൗദി, ജോർദാൻ, ഈജിപ്ത് എന്നീ മൂന്നു രാജ്യങ്ങളുടെ അതിർത്തിയിൽ ചെങ്കടൽ തീരത്താണ് നിയോം ബേ എയർപോർട്ട്.
വ്യാവസായിക, വിനോദ കേന്ദ്രമാകാൻ ഒരുങ്ങുന്ന നിയോം പദ്ധതിക്ക് വേഗം കൂട്ടാൻ ഇത് സഹായകമാകും. റിയാദ് കിങ് ഖാലിദ് എയർപോർട്ടിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡന്റ് അബ്ദുൽ ഹാദി അൽ മൻസൂരി, സൗദിയ ഡയറക്ടർ ജനറൽ എൻജിനീയർ നദ്മി അൽ നസർ എന്നിവരും പങ്കെടുത്തു. രാവിലെ 6.30ന് പുറപ്പെട്ട വിമാനത്തിലെ യാത്രക്കാരിൽ ഭൂരിഭാഗവും നിയോം കമ്പനി ജീവനക്കാരായിരുന്നു. സൗദിയിൽ 5ജി ടെലികോം സേവനം നൽകുന്ന ആദ്യ വിമാനത്താവളം കൂടിയാണിത്. 3643 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ 3757 മീറ്റർ നീളമുള്ള റൺവേയോടെ നിർമിച്ച എയർപോർട്ടിൽ ഒരേസമയം 6 വിമാനങ്ങൾ നിർത്തിയിടാനുള്ള ശേഷിയുണ്ട്.

