തെരുവ് നായ്ക്കളുടെ ദയാവധം: കർശന മാർഗ്ഗനിർദ്ദേശങ്ങളുമായി തദ്ദേശ സ്വയംഭരണ വകുപ്പ്


ഷീബ വിജയൻ

പേവിഷബാധയേറ്റതും അക്രമകാരികളുമായ തെരുവുനായ്ക്കളെ ദയാവധത്തിന് വിധേയമാക്കുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പ് പുതിയ Standard Operating Procedure (SOP) പുറത്തിറക്കി. സുപ്രീം കോടതിയുടെ ഉത്തരവിനെ തുടർന്ന് പുറപ്പെടുവിച്ച ഈ നിർദ്ദേശങ്ങൾ പ്രകാരം പേവിഷബാധയേറ്റവ, ചികിത്സിച്ചു ഭേദമാക്കാനാകാത്ത വിധം മാരക രോഗങ്ങളോ പരിക്കുകളോ ഉള്ളവ, മനുഷ്യരെയോ മറ്റ് മൃഗങ്ങളെയോ ആക്രമിക്കുന്ന സ്വഭാവമുള്ളവ എന്നിവയെ മാത്രമാണ് ദയാവധം ചെയ്യാൻ അനുമതിയുള്ളത്. വിഷം കൊടുത്തോ, വെടിവെച്ചോ, മറ്റ് ക്രൂരമായ രീതികളിലോ നായ്ക്കളെ കൊല്ലാൻ പാടില്ലെന്ന് നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു. ഒരു വെറ്ററിനറി സർജന്റെ മേൽനോട്ടത്തിൽ 'സോഡിയം പെന്റോ ബാർബിറ്റൽ' അല്ലെങ്കിൽ 'തയോ പെന്റാൽ സോഡിയം' എന്നീ അനസ്തെറ്റിക് മരുന്നുകൾ ഞരമ്പുകളിൽ കുത്തിവെച്ച് വേദനയില്ലാതെ മാത്രമേ ദയാവധം നടത്താവൂ. ഇത് മറ്റ് നായ്ക്കളുടെ സാന്നിധ്യത്തിൽ വെച്ച് ചെയ്യരുതെന്നും കർശന നിർദ്ദേശമുണ്ട്. ദയാവധത്തിനായി പിടികൂടുന്ന നായ്ക്കളെ ഉടൻ കൊല്ലാതെ 2 മുതൽ 3 ദിവസം വരെ ഐസൊലേഷൻ കേന്ദ്രങ്ങളിലോ എ.ബി.സി (ABC) ഷെൽട്ടറുകളിലോ നിരീക്ഷണത്തിൽ പാർപ്പിക്കണം. ഈ സമയത്തിനുള്ളിൽ മൃഗസ്നേഹികൾക്കോ അംഗീകൃത സംഘടനകൾക്കോ ഇവയെ ദത്തെടുക്കാൻ അവസരമുണ്ട്. ദയാവധം തീരുമാനിക്കുന്നതിനായി തദ്ദേശ സ്ഥാപന അധ്യക്ഷൻ, സെക്രട്ടറി, വാർഡ് കൗൺസിലർ, വെറ്ററിനറി സർജൻ, മെഡിക്കൽ ഓഫീസർ, എ.ബി.സി സെന്റർ ഇൻ-ചാർജ്, മൃഗക്ഷേമ ബോർഡ് പ്രതിനിധി എന്നിവരടങ്ങുന്ന 7 അംഗ സമിതി രൂപീകരിക്കും. സമിതിയിലെ ഭൂരിപക്ഷം അംഗങ്ങളുടെ അനുമതിയോടെ മാത്രമേ ദയാവധം നടത്താൻ പാടുള്ളൂ. കൂടാതെ, ദയാവധത്തിന് വിധേയമാക്കുന്ന നായ്ക്കളുടെ വിവരങ്ങൾ, പിടികൂടിയ സ്ഥലം, ചിത്രം, കൊല്ലാനുള്ള കാരണം എന്നിവ ഉൾപ്പെടുത്തി തദ്ദേശ സ്ഥാപനങ്ങൾ പ്രത്യേക രജിസ്റ്റർ സൂക്ഷിക്കുകയും വേണം.

article-image

്േ്ി്ി്ിേ

You might also like

  • Lulu Exchange
  • Straight Forward

Most Viewed